accident

 മൂന്ന് വർഷത്തിനിടെ 261 അപകടങ്ങളിൽ 38 മരണം

മണ്ണാർക്കാട്: റോഡ് സുരക്ഷ ബോധവത്കരണത്തിന്റെ ഭാഗമായി ദേശീയ - സംസ്ഥാന മലയോര പാതയിൽ 35 അപകട കേന്ദ്രങ്ങളെന്ന് മോട്ടോർ വാഹന വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ട്. കോഴിക്കോട് - പാലക്കാട് ദേശീയപാത 966, മണ്ണാർക്കാട് - ആനക്കട്ടി റോഡ്, മണ്ണാർക്കാട്‌ - മേലാറ്റൂർ റോഡ്, കോട്ടോപ്പാടം - തിരുവിഴാംകുന്ന് റോഡ്, ഗൂളിക്കടവ് - ചിറ്റൂർ റോഡ്, അഗളി - ഷോളയൂർ എന്നിവിടങ്ങളിലാണ് അപകട കേന്ദ്രങ്ങളുള്ളത്.

മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മണ്ണാർക്കാട് താലൂക്ക് തല സ്‌ക്വാഡ് അപകടങ്ങളെ സംബന്ധിച്ച് പഠനവും പരിശോധനയും നടത്തിയത്. 2019 മുതൽ 2021 വരെ താലൂക്കിൽ നടന്ന അപകടങ്ങളെ കുറിച്ചുള്ള ജില്ല ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ അടിസ്ഥാന വിവരങ്ങളെ ആസ്പദമാക്കിയായിരുന്നു പഠനം. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ആറുപാതകളിലായി 261 അപകടങ്ങൾ നടന്നു. ഇതിൽ 38 പേർ മരിക്കുകയും 263 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാലക്കാട്‌ - കോഴിക്കോട് ദേശീയപാതയിലാണ് കൂടുതൽ അപകടങ്ങളും നടന്നത്. കാഞ്ഞിക്കുളം മുതൽ കരിങ്കല്ലത്താണി വരെയുള്ള ഭാഗത്ത് 189 അപകടങ്ങളിലായി 33 പേർ മരിച്ചു, 177 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ദേശീയപാതയിൽ പനയമ്പാടം, ചിറക്കൽപ്പടി, കുന്തിപ്പുഴ, കോടതിപ്പടി, മണ്ണാർക്കാട് നഗരം, നാട്ടുകൽ, വട്ടമ്പലം എന്നിവയാണ് കൂടുതൽ അപകടങ്ങൾ നടന്ന മറ്റ് സ്ഥലങ്ങൾ. മണ്ണാർക്കാട്‌ - മേലാറ്റൂർ പാതയിൽ 20 അപകടങ്ങളിൽ 27 പേർക്ക് പരിക്കേറ്റു. മണ്ണാർക്കാട് - ആനക്കട്ടി റോഡിൽ 42 അപകടങ്ങളിൽ 46 പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. ഗൂളിക്കടവ് - ചിറ്റൂർ റോഡിൽ അഞ്ച് അപകടങ്ങളിൽ രണ്ട് പേർ മരിച്ചു.

വാഹനാപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പാതകളുടെ നിലവാരവും അപകടങ്ങളുടെ കാരണവും അടിസ്ഥാനമാക്കി ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനായാണ് മോട്ടോർ വാഹനവകുപ്പ് റോഡ് സേഫ്ടി ഓഡിറ്റ് നടത്തിയത്. അപകട കേന്ദ്രങ്ങളെ എ,ബി,സി എന്നിങ്ങനെ തരംതിരിച്ചാണ് താലൂക്ക് തല പഠന റിപ്പോർട്ട് ജില്ല അധികൃതർക്ക് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപകടങ്ങൾ കുറയ്ക്കാൻ ആവശ്യമായ നിർദേശങ്ങളും തയാറാക്കിയിട്ടുണ്ട്.