elephant

നെന്മാറ: വനംവകുപ്പിന്റെ കാട്ടാനയെ തുരത്തൽ പ്രഹസനമാകുന്നു. രാത്രി പത്ത് മണി കഴിഞ്ഞ് വനം വാച്ചർമാർ പിരിയുന്നതോടെ മേഖലയിൽ കാട്ടാന എത്തുന്നത് പതിവാകുകയാണ്. ഇന്നലെ ജനവാസ മേഖലയായ മരുതഞ്ചേരി, കോപ്പൻ കുളമ്പ്, കൽച്ചാടി, വടക്കഞ്ചിറ, ചള്ള ഭാഗങ്ങളിൽ ഗ്രാമീണ മേഖലയുടെ സ്വൈരജീവിതം തകർത്തുകൊണ്ട് കാട്ടാനകൾ വീട്ടുവളപ്പുകളിലും കൃഷി സ്ഥലങ്ങളിലും നാശം വിതച്ചു .

വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ വനംവകുപ്പ് ഇടപെട്ട് മേഖലയിൽ രണ്ട് വാച്ചർമാരെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ സേവനം കഴിഞ്ഞാൽ കാട്ടനകൾ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നത് പതിവാണ്. രാത്രി ഉറക്കമില്ലാതെ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും കാട്ടാനകളെ വിരട്ടിയോടിക്കുകയാണ് പ്രദേശവാസികൾ. കാട്ടാനകളെ കാടുകയറ്റുന്നതിനായി ദ്രുതകർമസേനയെയും കുങ്കിയാനകളെയും കൊണ്ടുവരാൻ വനംവകുപ്പ് തയ്യാറല്ല. കിഫ, ഭൂ സംരക്ഷണ സമിതി, കർഷക കൂട്ടായ്മ തുടങ്ങിയ വിവിധ കർഷക സംഘടനകൾ മേഖലയിലെ കർഷകരുടെ പ്രത്യക്ഷ സമരപരിപാടികൾക്ക് ആലോചനായോഗം നടത്തുന്നുണ്ട്. ജനങ്ങളുടെ പരാതി അറിയിക്കേണ്ട നെന്മാറയിലെ നെല്ലിയാമ്പതി റേഞ്ച് ഓഫീസിലെ ഫോൺ പോലും ആഴ്ചകളായി പ്രവർത്തിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. വനം റേഞ്ച് ഓഫീസിൽ നേരിട്ട് പരാതി അറിയിക്കാൻ ചെന്ന കർഷകരോട് കൃഷി നാശത്തെക്കുറിച്ച് ആരും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഓഫീസ് ജീവനക്കാർ അറിയിച്ചു. ജീവനക്കാരുടെ അനാസ്ഥയ്‌ക്കെതിരെ വനം മന്ത്രിക്ക് നാഷണലിസ്റ്റ് കിസാൻസഭ പരാതി നൽകുമെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ പ്രസിഡന്റ് ജലീൽ വണ്ടാഴി അറിയിച്ചു.
മേഖലയിൽ ദ്രുത കർമസേനയുടെ സേവനം സ്ഥിരമായി ലഭ്യമാക്കണമെന്നും കാട്ടാനക്കൂട്ടത്തെ കാടു കയറ്റാനുള്ള തീവ്രശ്രമം വനം വകുപ്പിൽ നിന്ന് ഉണ്ടാകണമെന്നും പ്രദേശവാസികളും കർഷകരും ആവശ്യപ്പെട്ടു. വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് കർഷക സംഘടനയായ കിഫ ഭാരവാഹികൾ ആവശ്യപ്പെട്ടു.

എം.എൽ.എ സന്ദർശിച്ചു.
കഴിഞ്ഞ രാത്രിയിൽ കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിയിടങ്ങൾ കെ.ബാബു എം.എൽ.എ സന്ദർശിച്ചു. നെന്മാറ വനം ഡിവിഷന് കീഴിൽ ആർ.ആർ.ടി സംഘം രൂപീകരിക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്ന് വാഹനം വാങ്ങാൻ ഈ സാമ്പത്തികവർഷം തുക അനുവദിക്കാമെന്ന് എം.എൽ.എ വാഗ്‌ദാനം ചെയ്തു.