water-atm

ഒരു രൂപയ്ക്ക് ഒരുലിറ്റർ തണുത്ത വെള്ളം

ഒറ്റപ്പാലം: ചുരുങ്ങിയ ചെലവിൽ കുടിവെള്ളം ലഭ്യമാകുന്ന വാട്ടർ എ.ടി.എം പദ്ധതിയുമായി അമ്പലപ്പാറ പഞ്ചായത്ത്. അമ്പലപ്പാറ സെന്ററിൽ ടേയ്ക്ക് എ ബ്രേക്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപമാണ് വാട്ടർ എ.ടി.എം സ്ഥാപിക്കുന്നത്. ഒരു രൂപയ്ക്ക് ഒരു ലിറ്റർ തണുത്ത വെള്ളവും അഞ്ച് രൂപക്ക് അഞ്ച് ലിറ്റർ തണുക്കാത്ത വെള്ളവുമാണ് ലഭിക്കുക. ആവശ്യമുള്ളവർക്ക് കോയിൻ ഇട്ടാൽ കൈയ്യിലുള്ള കുപ്പിയിൽ ശുദ്ധജലം ശേഖരിക്കാം. വാട്ടർ അതോറിട്ടിയുടെ കുടിവെള്ള കണക്ഷനിൽ നിന്നുള്ള വെള്ളമോ കെട്ടിടത്തിലെ ബോർവെലിൽ നിന്നുള്ള വെള്ളമോ ഇതിന് വേണ്ടി ഉപയോഗിക്കും. പഞ്ചായത്തിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

അണുവിമുക്തമാക്കിയ തണുത്ത വെള്ളവും സാധാരണ വെള്ളവും മിതമായ നിരക്കിൽ പൊതു ജനങ്ങൾക്ക് വിതരണം ചെയ്യും. 500 ലിറ്ററാണ് വാട്ടർ കിയോസ്‌ക്കിന്റെ സംഭരണ ശേഷി. സർക്കാർ അംഗീകൃത ഏജൻസിയായ കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് നിർമ്മാണ ചുമതല. മഴ ലഭ്യത കുറയുമ്പോൾ മിക്ക ജല സ്രോതസുകളും ചെറുവരൾച്ചയെ പോലും അതിജീവിക്കാനാവാത്ത അവസ്ഥ നേരിടുമ്പോൾ ഒരു ബദൽ സംവിധാനത്തിന്റെ ആവശ്യകത മനസിലാക്കിയാണ് വാട്ടർ കിയോസ്‌ക്ക് എന്ന സംവിധാനം നടപ്പാക്കുന്നത്. ബസ് യാത്രക്കാർ, ഓട്ടോ ടാക്സി ഡ്രൈവർമാർ, വഴിയാത്രക്കാർ, വിദ്യാർത്ഥികൾ, വ്യാപാരികൾ എന്നിവർക്ക് ഇത് ഉപകാരമാകും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ അമ്പലപ്പാറ പഞ്ചാബ് നാഷണൽ ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി.