
പാലക്കാട്: കത്തുന്ന വെയിലിൽ വളർത്തു മൃഗങ്ങളുടെ കാര്യത്തിൽ പ്രത്യേക കരുതൽ വേണമെന്ന് വിദഗ്‌ദ്ധർ. ജലദൗർലഭ്യവും പച്ചപ്പുല്ലിന്റെ കുറവും കന്നുകാലികളുടെ ഉത്പാദനത്തെയും പ്രത്യുത്പാദനത്തെയും ബാധിക്കും. ഉയർന്ന അന്തരീക്ഷ താപനിലയും ആർദ്രതയും കന്നുകാലികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. മനുഷ്യരിലെന്ന പോലെ സൂര്യതാപത്തിന്റെ പ്രത്യാഘാതങ്ങൾ മൃഗങ്ങളിലും കാണാറുണ്ട്. കന്നുകാലികളുടെ മരണത്തിനുവരെ ഇത് ഇടയാക്കും. അന്തരീക്ഷോഷ്മാവ് കൂടുംതോറും കന്നുകാലികൾ തീറ്റയെടുക്കുന്നതിന് വിമുഖത കാണിക്കും.
തുറസായ പ്രദേശങ്ങൾ, വയലുകൾ എന്നിവിടങ്ങളിൽ മേയാൻ വിടുന്ന കന്നുകാലികൾക്ക് സൂര്യാഘാതമേൽക്കും. ദീർഘനേരം നേരിട്ടുള്ള സൂര്യ രശ്മികൾ കന്നുകാലികളുടെ ദേഹത്ത് പതിക്കുമ്പോൾ ശ്വസന നിരക്ക് കൂടുന്നു. കിതപ്പ്, വായിൽ നിന്നും ഉമിനീർ ഒഴുക്ക് എന്നീ ലക്ഷണങ്ങൾ കാണിക്കുകയും നിർജലീകരണം ഉണ്ടാവുകയും ചെയ്യും. പിന്നീട് പശു വീണുപോവുകയും തുടർന്ന് ചാവുകയും ചെയ്യും.
പ്രതിവിധികൾ
 ദാഹിക്കുമ്പോൾ കുടിക്കാൻ വെള്ളം അരികിലുണ്ടാകണം, ഒരു പശുവിന് ഒരു ദിവസം 60 ലീറ്റർ വെള്ളം വേണം. കറവ പശുവിന് ഇതിന് പുറമേ ഓരോ ലിറ്റർ പാലിനും 4 ലിറ്റർ വീതം വെള്ളം ആവശ്യമാണ്.
 രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ മൃഗങ്ങളെ തുറസായ സ്ഥലങ്ങളിൽ മേയാൻ വിടരുത്.
 പകൽ സമയത്ത് തൊഴുത്തിന് പുറത്ത് മരത്തണലുകളിലും നല്ല കാറ്റു വാഴ്ചയുള്ള സ്ഥലങ്ങളിലും കന്നുകാലികളെ കെട്ടാം.
 തൊഴുത്തുകളിൽ ഫാൻ, ഫോഗർ മുതലായവ ഉപയോഗിക്കാം.
 ദിവസം രണ്ടു നേരം പശുവിനെ കുളിപ്പിക്കണം, പകൽ സമയങ്ങളിൽ ഇടയ്ക്കിടെ ദേഹത്ത് വെള്ളം തളിച്ചു കൊടുക്കുകയോ ഒരു നനഞ്ഞ ചണച്ചാക്ക് ദേഹത്ത് ഇട്ടു കൊടുക്കുകയോ ചെയ്യാം.
 കന്നുകാലികൾക്കുള്ള ഖരാഹാരം / സമീകൃത തീറ്റ രാവിലെ 7നു മുമ്പും വൈകിട്ട് 5നു ശേഷവും മാത്രം നൽകുക. വൈക്കോൽ നൽകുന്നത് രാതിയിലും അതി രാവിലെയും ആക്കുക.
 പരമാവധി പച്ചപ്പുല്ല് നൽകുക. പച്ചപ്പുല്ലിന്റെ അഭാവത്തിൽ മറ്റ് ഇലകൾ, വാഴമാണം, വാഴയില, ഈർക്കിൽ മാറ്റിയ പച്ചോല, നെയ് കുമ്പളം എന്നിവ നൽകാവുന്നതാണ്.
നായ്ക്കളിൽ
വിയർപ്പ് ഗ്രന്ഥികൾ പൊതവേ കുറഞ്ഞിരിക്കുന്നതിനാൽ അമിതമായ ചൂട് നായ്ക്കളെയും ബാധിക്കാറുണ്ട്. കിതപ്പോടു കൂടിയുള്ള ശ്വാസോച്ഛ്വാസം, ഛർദ്ദി, നാക്കും മോണകളും ചുവന്ന നിറത്തിലാവുക, വായിൽ നിന്നും കൊഴുത്ത ഉമിനീർ ഒഴുകൽ, ഉയർന്ന ഹൃദയമിടിപ്പ് എന്നിവ കണ്ടുവരുന്നു.
നായയുടെ ശരീരം തണുത്ത തുണി അല്ലെങ്കിൽ ഐസ് പാഡ് എന്നിവ ഉപയോഗിച്ച് തണുപ്പിക്കുക. ധാരാളം വെള്ളം നൽകുക എന്നതാണ് പ്രതിവിധി.
 പക്ഷികളിൽ
കോഴിക്കൂടുകൾ/ പക്ഷിക്കൂടുകളിൽ നല്ല വായു സഞ്ചാരം ഉണ്ടായിരിക്കണം. പകൽ സമയത്ത് കൂടുകളിൽ കുടിക്കാനുള്ള ശുദ്ധജലം എപ്പോഴും ലഭ്യമാക്കണം. കൂടുകളുടെ മേൽക്കൂരയിൽ തണുപ്പ് നൽകണം. വള്ളിചെടികളും മറ്റും കൂടിന് മുകളിൽ വളർത്തി വിടുന്നത് കൂടിനുള്ളിലെ ചൂട് കുറയ്ക്കാൻ സഹായിക്കും