
 കരാർ തുകയായി നിശ്ചയിച്ചത് 33646000 രൂപ.
 ആദ്യം ടെൻഡർ ക്ഷണിച്ചത് ഫെബ്രുവരി ഒമ്പതിന്.
 മൂന്നാം തവണയും ടെൻഡർ വിളിക്കാനൊരുങ്ങി പൊതുമരാമത്ത് നിരത്ത് പരിപാലന വിഭാഗം.
അലനല്ലൂർ: രണ്ടുതവണ ടെൻഡർ വിളിച്ചിട്ടും കരാർ ഏറ്റെടുക്കാൻ ആരും തയ്യാറാകാത്തതിനാൽ കുമരംപുത്തൂർ ഒലിപ്പുഴ സംസ്ഥാനപാതയിൽ അരിയൂർ പാലം മുതൽ അലനല്ലൂർവരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണികൾ അനിശ്ചിതത്വത്തിൽ. പ്രവൃത്തികളുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളുമാണ് ടെൻഡർ ഏറ്റെടുക്കാൻ ആരു തയ്യാറാകാത്തതിന് പിന്നിലെന്നാണ് വിലയിരുത്തൽ. ആകെ 70.35 കിലോ മീറ്റർ ദൈർഘ്യത്തിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലുള്ള പ്രവൃത്തികൾക്കായി 33646000 രൂപയാണ് കരാർ തുകയായി നിശ്ചയിച്ചത്. ഫെബ്രുവരി ഒമ്പതിനാണ് ആദ്യം ടെൻഡർ ക്ഷണിച്ചത്. 21ന് തുറന്നെങ്കിലും ഏറ്റെടുക്കാൻ ആരുമുണ്ടായില്ല. ഇതേ തുടർന്ന് അടുത്ത ദിവസം റീ ടെൻഡർ ചെയ്യുകയായിരുന്നു. ഈ മാസം നാലിന് ടെൻഡർ തുറന്നെങ്കിലും അന്നും പ്രവൃത്തി ഏറ്റെടുക്കാൻ കരാറുകാർ എത്തിയില്ല. ഒരു വർഷത്തെ കാലാവധി കഴിയാതെ ബില്ല് മാറാനാകില്ലെന്നതും വലിയ നിക്ഷേപ തുക വേണമെന്നതും പ്രവൃത്തികളുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളുമാണ് ടെൻഡർ ഏറ്റെടുക്കുന്നതിൽ നിന്ന് കരാറുകാരെ പിറകോട്ട് വലിക്കുന്നതെന്നാണ് വിലയിരുത്തൽ. 11 റോഡുകളുടെ പ്രവൃത്തികൾക്കായുള്ള അസംസ്‌കൃത വസ്തുക്കൾ മുന്നേ കൂട്ടി സംഭരിച്ച് വെയ്ക്കണമെന്നതുപ്പെടെയുള്ള നിബന്ധനയുണ്ട്. നടത്തിപ്പു കരാർ കാലാവധിയിൽ റോഡിന് കുഴപ്പങ്ങളുണ്ടായാൽ മാത്രമേ പ്രവൃത്തിയും നിർവഹിക്കാനാകൂ. അതുകൊണ്ടുതന്നെ സംഭരിച്ച് വെക്കുന്ന അസംസ്‌കൃത വസ്തുക്കൾ പ്രവൃത്തികൾക്കായി വിനിയോഗിക്കേണ്ടി വന്നില്ലെങ്കിൽ നഷ്ടം വരുമോയെന്നും കരാറുകാർക്ക് ആശങ്കയുണ്ട്. മൂന്നാം തവണയും പ്രവൃത്തി ടെൻഡർ വിളിക്കാനുള്ള തീരുമാനത്തിലാണ് പൊതുമരാമത്ത് നിരത്ത് പരിപാലന വിഭാഗം.
അതേസമയം അപകടങ്ങളും മരണങ്ങളുമുണ്ടായിട്ടും സംസ്ഥാനപാതയിലെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിൽ പൊതുമരാമത്ത് വകുപ്പ് തുടരുന്ന അനാസ്ഥക്കെതിരെ വിമർശനങ്ങളുയരുന്നുണ്ട്. കുമരംപുത്തൂർ ഒലിപ്പുഴ പാതയിൽ അരിയൂർ പാലം മുതൽ അലനല്ലൂർ വരെയുള്ള ഭാഗത്ത് റോഡിന്റെ സ്ഥിതി വളരെ മോശമാണ്. കഴിഞ്ഞ ആറുമാസത്തിനിടെ കോട്ടോപ്പാടത്തെയും കാട്ടുകുളത്തെയും റോഡിലെ കുഴികളിൽപ്പെട്ടുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി.
ടെൻഡർ ക്ഷണിച്ച നിരത്തുവിഭാഗം
ഒരുവർഷത്തെ നടത്തിപ്പു കരാറിൽ സംസ്ഥാനപാതയുൾപ്പെടെ കുമരംപുത്തൂർ സെക്ഷൻ പരിധിയിൽ വരുന്ന നാട്ടുകൽ - പാലോട് - കുന്നിൻപുറം - നരിക്കോട് - ചാമപ്പറമ്പ് റോഡ്, നാട്ടുകൽ - പാലോട് - ചെത്തല്ലൂർ - മുറിയക്കണ്ണി - വാക്കടപ്പുറം - തുമ്പക്കണ്ണി റോഡ്, ഒറ്റപ്പാലം - മണ്ണാർക്കാട് റോഡ്, കല്ലടിക്കോട് - ശ്രീകൃഷ്ണപുരം റോഡ്, വട്ടമ്പലം - കൊട്ടപ്പുറം റോഡ്, അലനല്ലൂർ - കണ്ണംകുണ്ട് - കൊടിയംകുന്ന് റോഡ്, അരിയൂർ - അമ്പാഴക്കോട് - പൊതുവപ്പാടം റോഡ്, കണ്ടമംഗലം - കുന്തിപ്പാടം - ഇരട്ടവാരി റോഡ്, ആലുങ്ങൽ - കൊമ്പൻകല്ല് - ഓലപ്പാറ റോഡ്, ഉണ്ണ്യാൽ - എടത്തനാട്ടുകര റോഡുകളുടെ പരിപാലനത്തിനായി ക്ലസ്റ്ററായാണ് പൊതുമരാമത്ത് നിരത്തുവിഭാഗം ടെൻഡർ ക്ഷണിച്ചത്.