poverty

​ ​അന്തിമ പട്ടികയിലെ കുടുംബങ്ങൾ 6443

​ ​പട്ടികവർഗ്ഗം 259

​ ​പട്ടികജാതി 1588

​ ​മറ്റ് വിഭാഗങ്ങൾ 4605

​ ​പഞ്ചായത്ത് തലത്തിൽ 5697

​ ​നഗരസഭകളിൽ 746

പാലക്കാട്: ജില്ലയിൽ അതിദരിദ്രരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിൽ ആകെയുള്ള 860829 കുടുംബങ്ങളിൽ 6443 കുടുംബങ്ങളാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ പട്ടികവർഗ്ഗം 259, പട്ടികജാതി 1588, മറ്റ് വിഭാഗങ്ങൾ 4605 ആണ്. പഞ്ചായത്ത് തലത്തിൽ 5697 കുടുംബങ്ങളും നഗരസഭകളിൽ 746 കുടുംബങ്ങളും അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനായി അതിദരിദ്രരെ കണ്ടെത്തി സമഗ്ര വികസനത്തിന് അനുയോജ്യമായ സൂക്ഷ്മതല പദ്ധതിയാണ് തയ്യാറാക്കുന്നത്. വിപുലമായ ജനപങ്കാളിത്തത്തോടെയുള്ള പങ്കാളിത്ത ചർച്ചാ പ്രക്രിയയിലൂടെയാണ് അതിദരിദ്രരെ കണ്ടെത്തിയത്. ഇതിനായി ജില്ലാ, തദ്ദേശ സ്ഥാപനതല ജനകീയ സമിതികൾ രൂപീകരിച്ചു. ഇതോടൊപ്പം വാർഡ് തലത്തിൽ 2, 3 തലങ്ങളിലുള്ള ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും നടത്തി. ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിൽ രൂപപ്പെടുന്ന അർഹരുടെ പട്ടികകൾ വാർഡ് തലത്തിൽ ക്രോഡീകരിച്ച് അതിൽ ഉൾകൊള്ളുന്ന വീടുകളിൽ മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ചാണ് വിവരശേഖരണം നടത്തിയത്. ജില്ലയിൽ ആദ്യഘട്ടമെന്ന നിലയ്ക്ക് വിവിധ വിഭാഗങ്ങളിലുള്ള ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കും പരിശീലനം നൽകിയിരുന്നു. ത്രിതല പഞ്ചായത്ത്/മുനിസിപ്പാലിറ്റി തലങ്ങളിൽ ജനകീയ സമിതികൾ രൂപീകരിച്ചു. ഓരോ വാർഡിലും ഒരു ഉദ്യോഗസ്ഥൻ രണ്ട് സന്നദ്ധപ്രവർത്തകർ അടങ്ങിയ സംഘത്തെ (എന്യൂമറേഷൻ ടീം ) തദ്ദേശ സ്ഥാപന തല സമിതി കണ്ടെത്തി ഇവരുടെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളിലൂടെയാണ് അതിദരിദ്രരെ കണ്ടെത്തിയത്. ബ്ലോക്ക് വികസന ഓഫീസറുടെ നേതൃത്വത്തിലുള്ള ടീം സൂപ്പർചെക്കിംഗ് പൂർത്തീകരിച്ചു. തുടർന്ന് ഗ്രാമസഭ, ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അംഗീകാരത്തോടെയാണ് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.