accident

പാലക്കാട്: ദേശീയപാതയിൽ വടക്കഞ്ചേരി വെള്ളപ്പാറയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം വഴിമുട്ടി. ബസിലെ കണ്ടക്ടർ, അപകടം നടന്ന സ്ഥലത്തെ ഭക്ഷണശാലയിലെ ആളുകൾ എന്നിവരിൽ നിന്ന് സംഘം മൊഴിയെടുത്തെങ്കിലും ബസ് യാത്രക്കാർ അന്വേഷണ സംഘത്തിന് മുമ്പാകെ എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം.

ബസിൽ 22 യാത്രക്കാരുണ്ടായിരുന്നു. ഇവർ ആരൊക്കയെന്ന് കണ്ടെത്തി മൊഴിയെടുക്കാൻ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും നടപടി ഇഴഞ്ഞുനീങ്ങുകയാണ്. ദേശീയപാത ചിതലി വെള്ളപ്പാറയിൽ ഫെബ്രുവരി ഏഴിന് രാത്രിയാണ് കാവശ്ശേരി ഈടുവെടിയാൽ ഷീജ നിവാസ് മോഹനന്റെ മകൻ ആദർശ് മോഹൻ (23), സുഹൃത്ത് കാസർകോട് ആഞ്ഞൂർ ആനന്ദാശ്രമം കാളിക്കടവ് ഉദയംകുന്നിൽ കെ.തമ്പാന്റെ മകൻ കെ.സബിത്ത് (26) എന്നിവർ മരിച്ചത്. വലതുവശത്തുകൂടി പോകുന്ന ചരക്ക് ലോറിയെ ബൈക്കിൽ മറികടക്കുന്നതിനിടെ ഇടതുവശത്തുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ബൈക്ക് ലോറിക്കിടയിലേക്ക് മറിയുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ ബസ് ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് യുവാക്കൾ മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഡ്രൈവർ വടക്കഞ്ചേരി ഡിപ്പോയിലെ തൃശൂർ പീച്ചി സ്വദേശി ഔസേപ്പിനെ (50) കുഴൽമന്ദം പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

ആദ്യം അന്വേഷിച്ച കുഴൽമന്ദം പൊലീസ് കേസ് ദുർബലപ്പെടുത്തിയെന്നും മനഃപൂർവമുള്ള നരഹത്യക്ക് കേസെടുക്കാത്തതിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി എം.സുകുമാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറുകയായിരുന്നു. പാലക്കാട് കാടാങ്കോടിന് സമീപം ബസ് ഡ്രൈവറും ബൈക്ക് യാത്രക്കാരായ യുവാക്കളും തമ്മിൽ വാക്കു തർക്കം ഉണ്ടായതായി ബസിലെ യാത്രക്കാരിൽ ചിലർ പറയുന്നുണ്ട്. യാത്ര തുടരുന്നതിനിടെ പലതവണ ബസും ബൈക്കും മുന്നിലും പിന്നിലുമായി വന്നിരുന്നതായും പറയുന്നു.