
കടമ്പഴിപ്പുറം: വായില്ല്യാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരം വർണാഭമായി ആഘോഷിച്ചു. രാവിലെ ഗണപതിഹോമം, വിശേഷാൽ പൂജകൾ, ഓട്ടൻതുള്ളൽ, കാഴ്ചശീവേലി എന്നിവ നടന്നു. തട്ടകത്തിന് നിറച്ചാർത്തായി ഉത്സവ ലഹരിയിൽ പൂരപ്രേമികൾക്ക് ആവേശം പകർന്ന് വൈകീട്ടോടെ നാല് ദേശപൂരങ്ങളുടെയും എഴുന്നെള്ളിപ്പ് നടന്നു. അഴിയന്നൂരിൽ നിന്ന് ആരംഭിച്ച കിഴക്കൻ പൂരവും, മേലേ തൃക്കോവിൽ ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച പടിഞ്ഞാറൻ പൂരവും, മലയച്ചൻത്തറയിൽ നിന്നാരംഭിച്ച വടക്കൻ പൂരവും ശിവക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച തെക്കൻ പൂരവും ക്ഷേത്രാങ്കണത്തിലെത്തി സംഗമിച്ചതോടെ പകൽ പൂരത്തിന് സമാപനമായി. കിഴക്കൻ ദേശത്തിന് കുട്ടൻകുളങ്ങര അർജുനൻ ഭഗവതിയുടെ തിടമ്പേറ്റി, പടിഞ്ഞാറൻ ദേശത്തിനായി ഗുരുവായൂർ സിദ്ധാർത്ഥനും വടക്കൻ ദേശത്തിന് ഗുരുവായൂർ വലിയ വിഷ്ണുവും തെക്കൻ ദേശത്തിന് പാറമേക്കാവ് പദ്മനാഭനും തിടമ്പേറ്റി. തിറ, പൂതൻ വരവ്, യാത്ര ബലി, ആറാട്ട്, കൊടിയിറക്കം, ആറാടികുടി വെക്കൽ, കളംപാട്ട്, കമ്പം കത്തിക്കൽ എന്നിവ നടന്നു.