
പാലക്കാട്: വനിതാ കൗൺസിലർമാർ തമ്മിലുണ്ടായ കൈയ്യാങ്കളിക്ക് ശേഷം ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ ഹെൽമെറ്റ് ധരിച്ചും ഫസ്റ്റ് എയിഡ് കൈയ്യിൽ കരുതിയുമാണ് പ്രതിപക്ഷാംഗങ്ങളെത്തിയത്. ഭരണപക്ഷത്തിന്റെ ആക്രമണം ചെറുക്കാനെന്ന പേരിലാണ് യു.ഡി.എഫ് - എൽ.ഡി.എഫ് അംഗങ്ങൾ ഹെൽമെറ്റ് ധരിച്ചെത്തിയത്.
രാവിലെ 11ന് ആരംഭിച്ച പ്രത്യേക കൗൺസിൽ യോഗത്തിലേക്ക് പ്രതിപക്ഷാംഗങ്ങൾ എത്തിയതു തന്നെ ഹെൽമെറ്റ് ധരിച്ചായിരുന്നു. കൗൺസിൽ യോഗം പിരിയുംവരെയും എല്ലാവരും ഹെൽമെറ്റ് ധരിച്ചുതന്നെയാണ് പങ്കെടുത്തതും. ഭരണപക്ഷാംഗങ്ങളിൽ ചിലർ ചോദിച്ചപ്പോൾ ആത്മരക്ഷാർത്ഥമാണെന്ന് പ്രതിപക്ഷം മറുപടി നൽകി.
കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഭരണപക്ഷത്തെ മിനി കൃഷ്ണകുമാറും യു.ഡി.എഫിലെ അനുപമയുമാണ് മർദ്ദനമേറ്റെന്ന് പറഞ്ഞ് ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയത്. സംഭവത്തിൽ ഇരുവരും പൊലീസിൽ പരാതിയും നൽകിയിരുന്നു. വസ്ത്രം വലിച്ചുകീറിയെന്നും മുഖത്തടിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. അന്നത്തെ സംഭവത്തിൽ സഭയെ കളങ്കപ്പെടുത്തിയ ഭരണപക്ഷത്തെ വനിതാ കൗൺസിലർക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം വാദിച്ചു. എന്നാൽ അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട പ്രത്യേക കൗൺസിലായതിനാൽ മറ്റ് പൊതുവിഷയങ്ങൾ ചർച്ച ചെയ്യില്ലെന്ന് ചെയർപേഴ്സൺ നിലപാടെടുക്കുകയായിരുന്നു.