
കൊല്ലങ്കോട്: പറമ്പിക്കുളം- തേക്കടി ആദിവാസി കോളനി വനപാത ടാർ റോഡാക്കി നവീകരിക്കാൻ പഠനം നടത്തി. ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥർ, ജില്ലാ പട്ടികവർഗ്ഗ ഉദ്യോഗസ്ഥർ, വനം, റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് ചെമ്മണാംപതി തേക്കടി വനപാതയിലൂടെ കാൽനടയായി യാത്ര ചെയ്ത് പഠനം നടത്തിയത്. നെല്ലിയാമ്പതി ചുരം പാതയിൽ മലയിടിഞ്ഞ് ഗതാഗതം തടസപ്പെട്ടാൽ ബദലായി ഉപയോഗിക്കാൻ കഴിയുന്ന വനപാതയാണ് ചെമ്മണാംപതി തേക്കടി വനപാത. തൃതല പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി, മറ്റ് വകുപ്പുകളിൽ നിന്ന് ലഭിക്കാവുന്ന സഹായങ്ങൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് വനപാത നിർമ്മിച്ചത്. നിർമ്മാണ പ്രവൃത്തി തേക്കടിയിലെ ആദിവാസി സമുദായക്കാർക്ക് തൊഴിൽദിനം നൽകി വനത്തിനും പരിസ്ഥിതിക്കും കോട്ടംതട്ടാത്ത വിധമാണ് പാത യാഥാർത്ഥ്യമാക്കിയത്.