march

ചെർപ്പുളശ്ശേരി: റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നഗരസഭാ ഭരണസമിതി പ്രതിപക്ഷ വാർഡുകളോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിലും പ്രതിപക്ഷ അംഗങ്ങൾ വിഷയം ഉന്നയിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ ചെയർമാൻ യോഗം അവസാനിപ്പിച്ച് പോയതടക്കം ഭരണസമിതി ധിക്കാരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നാരോപിച്ചാണ് യു.ഡി.എഫ് മാർച്ച് നടത്തിയത്.

ടൗണിൽ നിന്നാരംഭിച്ച മാർച്ച് നഗരസഭയ്ക്കു മുന്നിൽ പൊലീസ് തടഞ്ഞു. മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി കെ.കെ.എ.അസീസ് മാർച്ച് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മുനിസിപ്പൽ ചെയർമാൻ എം.അബ്ദുൾ റഷീദ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ കെ.എം.ഇസ്ഹാഖ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ഇബ്രാഹിം മൗലവി, വി.ജി.ദീപേഷ്, പി.സുബീഷ്, പി.അക്ബറലി, വിനോദ് കളത്തൊട്ടി, ശ്രീലജ വാഴക്കുന്നത്ത്, ഹുസൈൻ എന്നിവർ പങ്കെടുത്തു.