
വടക്കഞ്ചേരി: വാളയാർ- വടക്കഞ്ചേരി നാലുവരി ദേശീയപാതയിൽ അഞ്ചുമൂർത്തിമംഗലം ആലിൻചുവട് സ്റ്റോപ്പിൽ യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത് ഡിവൈഡറിൽ. വാഹനങ്ങൾ വേഗത്തിൽ പായുന്ന നാലുവരിപ്പാതയ്ക്കും സർവീസ് റോഡിനും ഇടയിലുള്ള ഡിവൈഡറിലെ ബസ് നിൽക്കുന്നത് അപകടം പിടിച്ചതാണെങ്കിലും യാത്രക്കാർക്ക് മറ്റുവഴികളില്ലാത്ത അവസ്ഥയാണ്. ബസ് കിട്ടാൻ ഇവിടെത്തന്നെ നിന്നേ മതിയാകൂ. ഡിവൈഡറിന് വീതികുറവാണ്. ചെരിവുമുണ്ട്. അടിയൊന്നുതെറ്റിയാൽ ചുവടുറപ്പിക്കുന്നതിനായി മുന്നിലേക്കോ പിന്നിലേക്കോ മാറിയാൽ റോഡിലേക്കിറങ്ങിപ്പോകും. ഇത് അപകടമുണ്ടാകാനുള്ള സാധ്യതയേറെയാണ്.
സൂചനാ ബോർഡും സീബ്രാലൈനും ഇല്ല
ദിവസേന വിദ്യാർത്ഥികളുൾപ്പെടെ നിരവധി യാത്രക്കാരാണ് ആലിൻചുവട് സ്റ്റോപ്പിൽ നിന്ന് ബസ് കയറുന്നതെങ്കിലും ഇവിടെ ബസ് സ്റ്റോപ്പാണെന്നറിയാൻ ഒരു സൂചനാ ബോർഡുപോലുമില്ല. റോഡ് മുറിച്ചുകടക്കാൻ സീബ്രാലൈനും ഇല്ല. ഇതുമൂലം ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് ബസ് സ്റ്റോപ്പുണ്ടെന്നറിയില്ല. ബസുകൾ നിർത്തി ആളെ കയറ്റാൻ ട്രാക്കുമില്ല. പ്രധാന ട്രാക്കിൽ ബസ് പെട്ടെന്ന് നിർത്തുമ്പോൾ പിന്നിൽ വരുന്ന വാഹനം ബസിലിടിക്കും. ഇത്തരത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അമ്പതോളം അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.
പരാതി നൽകിയത് പലതവണ
പഞ്ചായത്തംഗം വി.ശ്രീനാഥ്, ആലിൻചുവട്ടിലെ ഓട്ടോ ഡ്രൈവർമാർ, പൊതുപ്രവർത്തകർ എന്നിവരെല്ലാം പലതവണകളിലായി ആലിൻചുവട് ബസ് സ്റ്റോപ്പിൽ ബസ് കാത്തിരിപ്പുകേന്ദ്രവും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കണമെന്ന് ദേശീയപാതാ അതോറിട്ടിയോട് പല തവണ ആവശ്യപ്പെട്ടിട്ടുണ്ട്. നാലുരിപ്പാത യാഥാർത്ഥ്യമായ 2015 മുതൽ ഇക്കാര്യങ്ങൾ ആവശ്യപ്പെടുന്നതാണ്. ഒരുതവണ ദേശീയപാതാ അതോറിറ്റി അധികൃതർ പരിശോധിച്ചു പോയതല്ലാതെ തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല.
വാളയാർ- വടക്കഞ്ചേരി ആറുവരിപ്പാത വികസനം വരുമ്പോൾ ബസ് കാത്തിരിപ്പുകേന്ദ്രം പരിഗണിക്കും. സൂചനാബോർഡ് സ്ഥാപിക്കലും റോഡ് മുറിച്ചുകടക്കാൻ സീബ്രാലൈനും പരിശോധിച്ചശേഷം ഉടൻ നടപടിയെടുക്കും.
ദേശീയപാതാ അതോറിട്ടി അധികൃതർ.