
ഒറ്റപ്പാലം: അമ്പലപ്പാറ പഞ്ചായത്തിലെ ചുനങ്ങാട് മേഖലയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 24 പേർക്ക് കടിയേറ്റു. പരിക്കേറ്റവരിൽ പാറക്കുളത്തിങ്കൽ അരുൺ എന്ന കുട്ടിക്ക് തലക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. അഞ്ചോളം പശുക്കൾക്കും കടിയേറ്റിട്ടുണ്ട്. പരിക്കേറ്റവർക്ക് ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ശേഷം പേ വിഷ പ്രതിരോധ കുത്തിവെയ്‌പെടുക്കാൻ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വാരിയത്ത്കുന്ന് , മുരിക്കുംപറ്റ , പിലാത്തറ, ഒന്നാം മൈൽ , വാണി വിലാസിനി പ്രദേശങ്ങളിലാണ് പേപ്പട്ടി ആക്രമണമുണ്ടായത്. പരിക്കേറ്റവർക്ക് സഹായം നൽകാൻ പഞ്ചായത്ത് ദുരിതാശ്വാസ ഫണ്ടിൽ നിന്ന് അടിയന്തരമായി രണ്ട് ലക്ഷം രൂപ അനുവദിച്ചതായി വൈസ് പ്രസിഡന്റ് ടി.ശശികുമാർ അറിയിച്ചു . പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ആർ.ആർ.ടി വോളന്റിയർമാർക്ക് നിർദേശം നൽകിയതായും ആവശ്യമായവർക്ക് വാഹന സൗകര്യം ഏർപ്പാടാക്കിയതായും ശശികുമാർ അറിയിച്ചു . സ്വന്തം നിലക്ക് പോയവർക്ക് രേഖകൾ ഹാജരാക്കിയാൽ സാമ്പത്തിക സഹായം അനുവദിക്കും. ആന്റി റാബിസ് വാക്സിൻ കുത്തിവെയ്പ്പ് എടുക്കാൻ തൃശൂർ മെഡിക്കൽ കോളേജിൽ പോയവർക്ക് വാക്സിൻ പുറത്ത് നിന്നാണ് വാങ്ങേണ്ടി വരുന്നതെങ്കിൽ രേഖകൾ ഹാജരാക്കുമ്പോൾ അതിനാവശ്യമായ തുകയും നൽകാനും പഞ്ചായത്ത് അധികൃതർ തീരുമാനിച്ചിട്ടുണ്ട് .