
പാലക്കാട്: ദേശീയപാത 544-ന്റെ ഭാഗമായ വാളയാർ - പാമ്പംപള്ളം ടോൾ പ്ലാസയിലെ നിരക്ക് 10 ശതമാനം വർദ്ധിപ്പിക്കാനൊരുങ്ങി അധികൃതർ. ഏപ്രിൽ ഒന്നുമുതൽ പുതിയ നിരക്ക് നിലവിൽവരും. രണ്ടുവർഷത്തിനുശേഷമാണ് നിരക്ക് വർദ്ധനവ്. ഇതോടെ ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരുടെ സ്വകാര്യ വാഹനങ്ങൾക്ക് പ്രതിമാസം നൽകേണ്ട തുക 285 രൂപയിൽ നിന്ന് 315 രൂപയായും ഉയരും. വാളയാർ വഴി നിത്യേന യാത്ര ചെയ്യുന്ന ടാക്‌സി ഡ്രൈവർമാരെയും സ്വകാര്യ ബസുകാരെയും നിരക്ക് വർദ്ധനവ് പ്രതിസന്ധിയിലാക്കും. കേരളത്തിലേക്കുള്ള ചരക്കു നീക്കത്തെയും ഇത് ബാധിക്കുമെന്ന് ആശങ്കയുണ്ട്.
2015 നവംബറിന് ശേഷം എല്ലാം വർഷവും ടോൾനിരക്ക് പുതുക്കിയിരുന്നു. പക്ഷേ കൊവിഡ് കാലത്ത് പ്രതിസന്ധി കണക്കിലെടുത്തു കഴിഞ്ഞ രണ്ട് വർഷവും കമ്പനി ടോൾ വർദ്ധിപ്പിച്ചിരുന്നില്ല. യാത്രക്കാരെ പ്രയാസത്തിലാക്കാതെ ദേശീയപാത മന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് ഇപ്പോഴത്തെ നിരക്കുവർദ്ധനയെന്ന് കരാർ കമ്പനിയായ വാളയാർ വടക്കഞ്ചേരി എക്സ്പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡ് അധികൃതർ അറിയിച്ചു.
വർദ്ധനവ് ഇപ്രകാരം
 കാർ, ജീപ്പ് തുടങ്ങിയ ചെറുകിട വാഹനങ്ങൾക്ക് ഒരുതണവ ടോൾ കടന്നുപോകുന്നതിനുള്ള തുക 65ൽ നിന്ന് 75 രൂപയാക്കി. ഒരേദിവസം പോയിവരാൻ 110 രൂപ, നേരത്തെ ഇത് 100 ആയിരുന്നു.
 ചെറിയ വാണിജ്യവാഹനങ്ങൾ, ചരക്കുവാഹനങ്ങൾ, ബസ് എന്നിവയുടെ ഒരു യാത്രയ്ക്കുള്ള തുക 105 രൂപയിൽ നിന്ന് 120 രൂപയായി വർദ്ധിപ്പിച്ചു. അന്നേദിവസം തന്നെ മടക്ക യാത്രയുണ്ടെങ്കിൽ 175 രൂപ നൽകണം. ഇത്തരം വാഹനങ്ങൾക്ക് 50 ഒറ്റ യാത്രയ്ക്ക് ഒരു മാസത്തേക്ക് 3920 രൂപയാക്കി. 360 രൂപയുടെ വർദ്ധനവ്.
 ബസ് ട്രക്ക് (രണ്ട് ആക്സിൽ) ഒറ്റ യാത്രയ്ക്കുള്ള നിരക്കിൽ 20 രൂപ വർദ്ധിപ്പിച്ച് 245 രൂപയാക്കി. ഒരേദിവസം മടക്കയാത്രയുടെ നിരക്ക് 335ൽ നിന്നു 370 രൂപയാക്കിയിട്ടുണ്ട്. 50 ഒറ്റ യാത്രയ്ക്ക് ഒരു മാസത്തേക്ക് 8215 രൂപയാക്കി. 755 രൂപയുടെ വർദ്ധിനവ്.
 വ്യാവസായിക ആവശ്യത്തിനുള്ള വലിയ വാഹനങ്ങൾ, മണ്ണു മാറ്റാൻ ഉപയോഗിക്കുന്ന യന്ത്രങ്ങൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ എന്നിവയുടെ നിരക്ക് ഒരു യാത്രയ്ക്കുള്ള തുക 35 രൂപ കൂട്ടി 385 രൂപയിലെത്തി. ഒരേ ദിവസം മടക്കയാത്രയ്ക്കു കൂടിയാകുമ്പോൾ 525ൽ നിന്നു 580 രൂപയാക്കി. 50 ഒറ്റ യാത്രയ്ക്ക് ഒരു മാസത്തേക്ക് 12,880 രൂപയായി വർദ്ധിപ്പിച്ചു. 1,185 രൂപയുടെ വർദ്ധന.
 ഏഴോ അതിലധികമോ ആക്സിലുള്ള വാഹനങ്ങൾക്ക് ഒരു യാത്രയ്ക്ക് 425ൽ നിന്ന് 470 രൂപയും അതേ ദിവസം മടക്കയാത്രയുണ്ടെങ്കിൽ അത് 640ൽ നിന്ന് 705 രൂപയുമാക്കി. 50 ഒറ്റ യാത്രയ്ക്ക് ഒരു മാസത്തേക്ക് 14,235 രൂപയിൽനിന്ന് 15,685 രൂപയുമാക്കി. 1450 രൂപയുടെ വർദ്ധനവ്.