
ചിറ്റൂർ: സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ ദ്വിദിന പണിമുടക്ക് ആദ്യദിനം തമിഴ്നാട് അതിർത്തിയിൽ ഒഴികെ കിഴക്കൻ മേഖലയിൽ പൂർണമായിരുന്നു. ഇരുചക്ര വാഹനങ്ങളും നാമമാത്രമായ സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്.
കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, ചിറ്റൂർ, വണ്ടിത്താവളം, പട്ടഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞുകിടന്നു. ബസ് സ്റ്റാൻഡുകൾ വിജനമായിരുന്നു. എന്നാൽ, ഗോപാലപുരം, നടുപ്പുണി, ഒഴലപ്പതി, മീനാക്ഷി പുരം, ഗോവിന്ദാപുരം, വാളയാർ ചെക്ക്‌പോപോസ്റ്റുകളിൽ തമിഴ്നാടിന്റെ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങൾ സാധാരണ പോലെ തുറന്നുപ്രവർത്തിച്ചു. എങ്കിലും ജനതിരക്ക് കുറവായിരുന്നു.