
പാലക്കാട്: സംസ്ഥാനത്ത് ഹയർ സെക്കൻഡറി - വൊക്കേഷണൽ ഹയർ സെക്കൻഡറി പൊതുപരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് ആരംഭിക്കുന്ന പരീക്ഷ ഏപ്രിൽ 26ന് അവസാനിക്കും. എസ്.എസ്.എൽ.സി പരീക്ഷ നാളെമുതൽ ഏപ്രിൽ 29 വരെയും നടക്കും. ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങളിലെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി വിദ്യാഭ്യാസ ഉപഡയറക്ടർ പി.കൃഷ്ണൻ അറിയിച്ചു.
146 കേന്ദ്രങ്ങളിലായി 37621 വിദ്യാർത്ഥികൾ ഹയർ സെക്കൻഡറി പരീക്ഷയും 25 കേന്ദ്രങ്ങളിലായി 1997 വിദ്യാർത്ഥികൾ വി.എച്ച്.എസ്.ഇ പരീക്ഷയും എഴുതും. 195 കേന്ദ്രങ്ങളിലായി 39,864 വിദ്യാർത്ഥികളാണ് നാളെ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. ഹയർ സെക്കൻഡറി പ്രാക്ടിക്കലും എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കലും മേയ് മൂന്നിന് ആരംഭിക്കും.
 സൗകര്യങ്ങൾ ഉറപ്പാക്കും
ചൂട് കൂടിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾ ആവശ്യമായ കുടിവെള്ളം വീടുകളിൽനിന്ന് കൈയ്യിൽ കരുതണം. പരീക്ഷാ കേന്ദ്രങ്ങളിലും ശുദ്ധജലം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ ഫാനും ഉറപ്പാക്കും. വൈദ്യുതി മുടങ്ങാതിരിക്കാനുള്ള സൗകര്യങ്ങളും കെ.എസ്.ഇ.ബി ജീവനക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. പരീക്ഷ കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി ബസുകൾ സമയം ക്രമീകരിച്ചിട്ടുണ്ട്. യാത്രാ സൗകര്യം കുറവുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ ട്രിപ്പുകൾ നടത്തുമെന്ന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ടി.എ.ഉബൈദ് അറിയിച്ചു.