
പാലക്കാട്: ജനം ടി.വി എം.ഡിയും സി.ഇ.ഒയുമായ ജി.കെ.പിള്ള (71) നിര്യാതനായി. ഇന്ത്യയിലെ ഏറ്റവും വലിയ എൻജിനീയറിംഗ് പൊതുമേഖലാ കമ്പനികളായ ഹെവി എൻജിനീയറിംഗ് കോർപ്പറേഷൻ ലിമിറ്റഡ് റാഞ്ചി, എച്ച്.എം.ടി മെഷീൻ ടൂൾസ് ലിമിറ്റഡ് ബാംഗ്ലൂർ എന്നിവയുടെ മുൻ ചെയർമാനും മുൻ എം.ഡിയുമാണ്.
കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ആർ.എസ്.എസ് പാലക്കാട് നഗർ സംഘചാലകും സേവാഭാരതി പാലക്കാട് ജില്ലാ അദ്ധ്യക്ഷനുമായിരുന്നു. 1973ൽ ബിറ്റ്സ് പിലാനിയിൽ നിന്നു ബിരുദം നേടിയശേഷം കഞ്ചിക്കോട് ഇൻസ്ട്രുമെന്റേഷനിലെ ഗ്രാജുവേറ്റ് എൻജിനീയർ ട്രെയിനിയായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന് തുടക്കം. അവിടെ ഡെപ്യൂട്ടി ജനറൽ മാനേജർവരെയായി.
മാനുഫാക്ച്ചറിംഗ് മേഖലയിൽ 47 വർഷത്തിലേറെ ഭരണപരിചയമുള്ള അദ്ദേഹം എട്ടുവർഷമായി വാൽചന്ദ്നഗർ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എം.ഡിയും സി.ഇ.ഒയുമായിരുന്നു. യു.എസ് സംയുക്ത സംരംഭമായ ഫിഷർ സാൻമാർ ലിമിറ്റഡിന്റെ ചെന്നൈയിലെ ചീഫ് എക്സിക്യൂട്ടീവായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: അനില. മക്കൾ: അരുണ, ഭാഗീരഥി. മരുമക്കൾ: സന്ദീപ്, സാഹിൽ. സഹോദരങ്ങൾ: ലീലാകുമാരി, സതീദേവി, ഇന്ദുമതി, ഹേമലത. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.