police-case

പാലക്കാട്: അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികളെ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.വിജയകുമാർ മർദ്ദിച്ചെന്ന പരാതിയിൽ ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചു. പരിചരണ കേന്ദ്രത്തിലെ ആയയുടെ പരാതിയിലാണ് അന്വേഷണം. പിന്നാലെ വിജയകുമാർ സെക്രട്ടറിസ്ഥാനം രാജിവച്ചു. ഇയാൾ നിരവധി തവണ കുട്ടികളെ മർദ്ദിച്ചുവെന്ന് പരാതിയുണ്ട്. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ പൊലീസിലും പരാതി നൽകി. തുടർന്ന്, സി.പി.എം തെക്കേത്തറ മുൻ ബ്രാഞ്ച് സെക്രട്ടറിയായ വിജയകുമാറിനെ പാർട്ടിയിൽ നിന്നും മാറ്റിനിറുത്തി.


അഞ്ചുവയസുവരെയുള്ള കുട്ടികളെ പരിചരിക്കുന്ന ഇടമാണ് ശിശുക്ഷേമ സമിതിക്ക് കീഴിലുള്ള പരിചരണ കേന്ദ്രം. സ്‌കെയിൽ ഉപയോഗിച്ചാണ് കുട്ടികളെ തല്ലുന്നത്. ഫോണിൽ സംസാരിക്കുന്നതിനിടെ കുട്ടികൾ കരയുന്നതാണ് മർദ്ദനത്തിന് കാരണമെന്നും ആയയുടെ പരാതിയിൽ പറയുന്നു. വിജയകുമാറിന്റെ പെരുമാറ്റത്തെ കുറിച്ച് നേരത്തെ പാർട്ടിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തിനെ തുടർന്നാണ് ജില്ലാ കളക്ടറെ സമീപിച്ചത്.