പാലക്കാട്: തേങ്കുറിശ്ശി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ സോളാർ വൈദ്യുതീകരണം പൂർത്തിയായി. അഞ്ച് ലക്ഷം രൂപ ചെലവിൽ കൊടുവായൂർ കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെയാണ് പഞ്ചായത്തിൽ സോളാർ വൈദ്യുതീകരണം പൂർത്തീകരിച്ചിരിക്കുന്നത്. തേങ്കുറിശ്ശി പഞ്ചായത്ത് ഓഫീസും അനുബന്ധ ഓഫീസുകളും ഇനിമുതൽ വൈദ്യുതി മിച്ച ഓഫീസുകളാകും. കെ.എസ്.ഇ.ബി യുടെ സഹകരണത്തോടെ സ്ഥാപിച്ച പാനലുകൾക്ക് 10 കെ.ബിയാണ് സ്ഥാപിതശേഷി. തേങ്കുറിശ്ശി പഞ്ചായത്ത് ഓഫീസ് കഴിഞ്ഞ മൂന്നുവർഷമായി സോളാർ വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ 10 കെ.വി കൂടി സ്ഥാപിച്ചതോടെ ആകെ സ്ഥാപിതശേഷി 15 കെ.വിയായി ഉയർന്നു. ഇതോടെ തേങ്കുറിശിയിലെ ഗ്രാമപഞ്ചായത്ത് ഓഫീസ്, അനുബന്ധ ഓഫീസ്, എൽ.എസ്.ജി.ഡി എ.ഇ ഓഫീസ്, വി.ഇ.ഒ ഓഫീസ്, എം.ജി.എൻ.ആർ.ഇ.ജി.എസ് ഓഫീസ്, കമ്മ്യൂണിറ്റി ഹാൾ ഉൾപ്പെടെ സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കും.
സോളാർ വൈദ്യുതീകരണത്തിന്റെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആർ.ഭാർഗവൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വർണമണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ ശ്രീകുമാർ, എം.എസ്.സജിഷ, ആർ.സജിനി പങ്കെടുത്തു.