a

പാലക്കാട്: മലമ്പുഴ ഡാമിൽ കാണാതായ ഒറ്റപ്പാലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പാറ ചുനങ്ങാട് വാണിവിലാസിനിയിൽ ബാബുവിന്റെ മകൻ ബി.മണികണ്ഠന്റെ (31) മൃതദേഹമാണ് കണ്ടെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം ചൊവ്വഴാച്ച വൈകീട്ടാണ് ലോറി ഡ്രൈവറായ മണികണ്ഠൻ മലമ്പുഴയിലെത്തിയത്. തുടർന്ന് അകമലവാരം പൂക്കുണ്ട് ഭാഗത്ത് കുളിക്കുന്നതിനിടെയാണ് മണികണ്ഠനെ കാണാതായത്. ഇതോടെ സുഹൃത്തുക്കൾ നാട്ടുകാരെ വിവരമറിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ രാത്രി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ അഗ്നിശമനസേനയും രക്ഷാപ്രവർത്തനത്തിനെത്തി. വെളിച്ചക്കുറവ് മൂലം രാത്രിയിലെ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ വീണ്ടും നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
കഞ്ചിക്കോട് ഫയർ സ്റ്റേഷൻ ഓഫീസർ ആർ.ഹിതേഷിന്റെ നേതൃത്വത്തിലുള്ള സംഘവും, ജില്ലാതല ഫയർ ആൻഡ് റെസ്‌ക്യൂ സ്‌ക്യൂബ സംഘവും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്മ: വേശ.