
അയൽസംസ്ഥാനങ്ങളിൽ നിന്ന് കേരത്തിലേക്കെത്തുന്ന ലഹരിക്കടത്ത് തടയാനും നിരീക്ഷിക്കുന്നതിനുമായി എക്‌സൈസ് വകുപ്പ് സംസ്ഥാനത്തെ കൂടുതൽ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽകൂടി നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. നിലവിൽ പാലക്കാട് ജില്ലയിലെ രണ്ട് ചെക്ക്‌പോസ്റ്റ് ഉൾപ്പെടെ സംസ്ഥാനത്ത് എട്ട് അതിർത്തി ചെക്ക്‌പോസ്റ്റുകളിലാണ് കാമറ സജ്ജമായിരിക്കുന്നത്. ജില്ലയിലെ ആനക്കട്ടി, വാളയാർ, വേലന്താവളം, ഗോപാലപുരം, ഗോവിന്ദാപുരം, മീനാക്ഷിപുരം, ചെമ്മണാമ്പതി, നടുപ്പുണ്ണി, ഒഴലപ്പതി തുടങ്ങിയ ഒമ്പത് ചെക്ക്‌പോസ്റ്റുകളിൽ ഏഴ് എണ്ണത്തിലും കാമറകളായി. ചെമ്മണാമ്പതിയിലും ഒഴലപ്പതിയിലും മാത്രമാണ് ഇനി കാമറ സ്ഥാപിക്കാനുള്ളത്.
സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച എട്ട് കാമറകളിൽ ആറെണ്ണം തിരുവനന്തപുരത്തെ മണ്ഡപത്തിൻകടവ്, പാലക്കടവ്, ഇടുക്കിയിലെ കമ്പംമെട്ട്, ബോഡിമെട്ട്, വയനാട്ടിലെ തോൽപ്പെട്ടി, മലപ്പുറത്തെ വഴിക്കടവ് എന്നീ ചെക്ക്‌പോസ്റ്റുകളിലാണ്. ഇതോടെ സംസ്ഥാനത്തെ 41 ചെക്ക്‌പോസ്റ്റുകളിൽ 22 ലും എക്‌സൈസ് ആധുനിക സംവിധാനത്തോടെയുള്ള നിരീക്ഷണ കാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. ലഹരിക്കടത്ത് തടയാൻ സഹായിക്കുന്നതിനൊപ്പം കേസ് അന്വേഷണത്തിനും തെളിവ് ശേഖരിക്കുന്നതിനും കാമറകൾ ഏറെ സഹായകമാണെന്നും നിരവധി വാഹനങ്ങളെ ഇത്തരത്തിൽ പിടികൂടാൻ സാധിക്കുന്നുണ്ടെന്നും കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ സെക്രട്ടറി കെ.ആർ.അജിത് പറഞ്ഞു.
കാമറ പ്രവർത്തനം 24 മണിക്കൂറും 
24 മണിക്കൂറും ദൃശ്യങ്ങൾ ഒപ്പിയെടുക്കാൻ കഴിയുന്ന വിധത്തിലാണ് പ്രവർത്തനം. കാമറയിൽ പതിയുന്ന ദൃശ്യങ്ങൾ ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ, മേഖലാതലത്തിലുള്ള ജോയിന്റ് എക്‌സൈസ് കമ്മിഷണർ, തിരുവനന്തപുരത്തുള്ള കമ്മിഷണർ എന്നിവരുടെ ഓഫീസുകളിൽ ലഭ്യമാകും. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിക്കടത്ത് തടയാനും വാഹനങ്ങളെ നിരീക്ഷിക്കാനുമായി 2018ലാണ് എക്‌സൈസ് വകുപ്പ് സംസ്ഥാനത്തെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ കാമറകൾ സ്ഥാപിച്ചു തുടങ്ങിയത്. ആദ്യഘട്ടത്തിൽ 35 ലക്ഷം രൂപ ചെലവിലാണ് 14 ചെക്ക് പോസ്റ്റുകളിൽ കാമറ ഘടിപ്പിച്ചത്. കെൽട്രോണിന്റെ സഹായത്തോടെയായിരുന്നു ആദ്യഘട്ടത്തിൽ കാമറകൾ സ്ഥാപിച്ചത്. പിന്നീട് കൂടുതൽ ഇടങ്ങളിൽ കാമറ സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചെങ്കിലും കൊവിഡ് പ്രതിസന്ധികാരണം തടസ്സപ്പെടുകയായിരുന്നു.
വിദ്യാർത്ഥികളും യുവാക്കളും
ഒരു ഇടവേളയ്ക്കുശേഷം സജീവമാകുന്ന ലഹരിക്കടത്തിൽ പിടിയിലാകുന്നതിൽ കൂടുതലും വിദ്യാർത്ഥികളും യുവാക്കളുമാണ്. പുകയില മുതൽ വിവിധതരം മയക്കുമരുന്ന് ഉല്പന്നങ്ങളും ലഹരിഗുളികകളും വൻതോതിലാണ് കേരളത്തിലേക്കെത്തിക്കുന്നത്. മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പിടിയിലാവുന്നതിൽ കൂടുതലും യുവാക്കളാണ്.
ഭൂരിഭാഗവും മയക്കുമരുന്ന് മാഫിയയുടെ പ്രലോഭനങ്ങളിൽ 'കാരിയർമാർ' ആകുന്നവരാണ്. സ്മാർട്ട് ഫോൺ, ഇരുചക്രവാഹനം, മറ്റ് സുഖസൗകര്യങ്ങൾ എന്നിവയെല്ലാം സ്വന്തമാക്കുകയെന്ന ചിന്തയിലും ആഗ്രഹത്തോടും കൂടിയാണ് യുവാക്കൾ ലഹരിയുടെ വലയിൽ കുടുങ്ങുന്നത്.
ഒ.സി.ബി പേപ്പറും
ഹാഷിഷ് ഓയിലും സുലഭം
കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഒ.സി.ബി പേപ്പർ ജില്ലയിലെ ഡ്യൂട്ടിപെയ്ഡ് ഷോപ്പുകളിൽ സുലഭമാണ്. സ്ഥിരമായി വാങ്ങുന്നവർക്ക് ഇവിടെനിന്ന് യഥേഷ്ടം ലഭിക്കും. 50 മുതൽ 200 രൂപവരെയാണ് വില. ലഹരി വിതരണക്കാർ തമിഴ്നാട്ടിൽനിന്ന് എത്തിച്ച് വിദ്യാർത്ഥികൾ വഴിയും ഇത് വിൽപന നടത്താറുണ്ട്. കഞ്ചാവിൽനിന്ന് വേർതിരിച്ചെടുക്കുന്ന ഹാഷിഷ് ഓയിലും വ്യാപകമാണ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് ജില്ലയിൽ ഹാഷിഷ് എത്തിച്ചു നൽകുന്നതെന്നാണ് അധികൃതർ പറയുന്നത്.
മദ്യപാനികളും കഞ്ചാവിലേക്ക്
മദ്യത്തേക്കാൾ കൂടുതൽ സുരക്ഷിതം കഞ്ചാവാണെന്നതിനാൽ മിക്കമദ്യപാനികളും കഞ്ചാവിലേക്ക് തിരിയുന്നുണ്ട്. കൊണ്ടുനടക്കാൻ എളുപ്പവും ലഹരി കൂടുതൽസമയം നിൽക്കുമെന്നതും കഞ്ചാവിലേക്ക് ഇവരെ ആകർഷിക്കുന്നത്. തമിഴ്നാട്ടിൽ സ്പിരിറ്റ് കടത്ത് കർശനമായി തടയുകയും പരിശോധന വ്യാപിപ്പിക്കുകയും ചെയ്തതോടെയാണ് മാഫിയസംഘങ്ങൾ കഞ്ചാവിലേക്ക് തിരിഞ്ഞത്. അവിടെ 2000 രൂപയ്ക്ക് ലഭിക്കുന്ന കഞ്ചാവ് കേരളത്തിലെത്തുമ്പോൾ 15,000 രൂപയിൽ കൂടുതലാകും. കേരളത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റുള്ളത് നീലച്ചടയൻ എന്ന ഇനം കഞ്ചാവിനാണ്. ഇത് ഇടുക്കി, അട്ടപ്പാടി എന്നിവിടങ്ങളിലാണ് ഉല്പാദിപ്പിക്കുന്നത്. ജാർഖണ്ഡ്, ബീഹാർ എന്നിവിടങ്ങളിൽനിന്നുള്ള കഞ്ചാവ് അട്ടപ്പാടിയിലും ഇടുക്കിയിലും എത്തിച്ചാണ് നീലച്ചടയൻ എന്നപേരിൽ വിൽക്കുന്നത്.
പട്രോളിങ്ങും ശക്തം
കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഒന്നരവർഷത്തോളം പൂട്ടികിടന്ന സ്‌കൂളുകളും കോളേജുകളും തുറന്നതോടെ എക്‌സൈസിന്റെയും പൊലീസിന്റെയും ലഹരിവിരുദ്ധ സ്‌ക്വാഡുകൾ ജില്ലയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കിഴക്കൻമേഖല കേന്ദ്രീകരിച്ച് എക്സൈസ് വകുപ്പിന്റെ ബോഡർ പട്രോളിങ്ങും വാളയാർ മുതൽ വാണിയംമ്പാറ വരെയുള്ള ഹെെവേ കേന്ദ്രീകരിച്ച് ടാസ്ക് ഫോഴ്സ് പട്രോളിങ്ങും 24 മണിക്കൂറും സജ്ജമാണ്.