
പാലക്കാട്: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ ഉൾപ്പെടുത്തി പട്ടാമ്പി മണ്ഡലത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആവശ്യമായ സൗകര്യങ്ങൾ എന്ന ലക്ഷ്യത്തോടെ കോഴിക്കോട്ടിരി എൽ.പി സ്‌കൂൾ പാചകപ്പുര യാഥാർത്ഥ്യമായി. എം.എൽ.എ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 6 ലക്ഷം രൂപ ചെലവിട്ടാണ് പാചകപ്പുര നിർമ്മിച്ചിട്ടുള്ളത്. കുട്ടികളുടെ ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്താനുതകുന്ന രീതിയിൽ പാചകപ്പുര നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലെ പി.ടി.എയും പഞ്ചായത്ത് ഭാരവാഹികളും നിവേദനം നൽകിയിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിച്ചതെന്നും പാചകപ്പുര ഉദ്ഘാടനം ചെയ്ത് മുഹമ്മദ് മുഹസിൻ എം.എൽ.എ പറഞ്ഞു. മുതുതല പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി, ഹെഡ് മാസ്റ്റർ ശ്രീദേവി, വൈസ് പ്രസിഡന്റ് മുകേഷ്.സി, ബുഷറ സമദ്,സുബീഷ് എന്നിവർ പങ്കെടുത്തു.