
പാലക്കാട്: കൊച്ചി - ബാംഗ്ലൂർ വ്യവസായ ഇടനാഴിയുടെ ഭാഗമായി ഒന്നാംഘട്ടത്തിൽ ജില്ലയിൽ ഉൾപ്പെട്ട കണ്ണമ്പ്ര 1 വില്ലേജിലെ 298 ഏക്കർ ഭൂമി ഏറ്റെടുത്തു. ഏറ്റെടുത്ത ഭൂമിയുടെ മുഴുവൻ രേഖകളും ജില്ലാ കളക്ടർ മൃൺമയി ജോഷി കിൻഫ്ര മാനേജർ മുരളി കൃഷ്ണന് കൈമാറി. 410 കോടി രൂപ ചെലവഴിച്ചാണ് ഭൂമി ഏറ്റെടുത്തത്.
പാലക്കാട് ജില്ലയിൽ പുതുശ്ശേരി സെൻട്രൽ വില്ലേജിൽ രണ്ടുഘട്ടങ്ങളിലായി 1158 ഏക്കറും പുതുശ്ശേരി വെസ്റ്റ് വില്ലേജിൽ മൂന്നാംഘട്ടത്തിൽ 375 ഏക്കർ ഭൂമിയുമാണ് ഏറ്റെടുക്കുന്നത്. പുതുശ്ശേരിയിൽ ഒന്നാംഘട്ടം ഭൂമി ഏറ്റെടുക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്.
സ്ഥലമേറ്റെടുപ്പ് ഒന്നാംഘട്ടം ഏപ്രിൽ 30നും രണ്ടാംഘട്ടം മെയ് 31നും മൂന്നാംഘട്ടം സെപ്തംബർ 30 നും തീർക്കാനാണ് പദ്ധതിയെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സ്ഥലമേറ്റെടുപ്പിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ ജില്ല കളക്ടർ അഭിനന്ദിച്ചു. കിൻഫ്ര ഡെപ്യൂട്ടി കളക്ടർ രവീന്ദ്രനാഥ പണിക്കർ, കിൻഫ്ര സ്‌പെഷ്യൽ തഹസീൽദാർ ജി.രേഖ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.