
വടക്കഞ്ചേരി: ദേശീയപാതയിൽ ചുവട്ടുപാടത്ത് സർവീസ് റോഡിന്റെ പണിക്കിടെ പൈപ്പുപൊട്ടി രണ്ട് വാർഡിലെ നൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളം മുടങ്ങുന്നു. വടക്കഞ്ചേരി പഞ്ചായത്തിലെ 19ാം വാർഡിൽ ഉൾപ്പെടുന്ന ചുവട്ടുപാടത്തും പുന്നയ്ക്കൽകുണ്ടിലും 18-ാം വാർഡിലുൾപ്പെടുന്ന പൊത്തപ്പാറയിലുമാണ് കുടിവെള്ളം മുടങ്ങുന്നത്. ഒരുമാസത്തിനിടെ നാലുതവണയാണ് പൈപ്പ് പൊട്ടുന്നത്.
ആദ്യതവണ പൈപ്പ് പൊട്ടിയപ്പോൾ റോഡുനിർമ്മാണ കമ്പനിയായ കെ.എം.സി ഉടൻ നന്നാക്കി തരാമെന്ന് പറഞ്ഞെങ്കിലും നടപ്പായില്ല. തുടർന്ന് പഞ്ചായത്തംഗം അമ്പിളി മോഹൻദാസിന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായി എത്തിയപ്പോഴാണ് കരാർകമ്പനി പൈപ്പ് നന്നാക്കിയത്. ഓരോതവണയും പൈപ്പ് പൊട്ടുമ്പോൾ പ്രതിഷേധവുമായി നാട്ടുകാരെത്തിയാൽ മാത്രമാണ് കരാർകമ്പനി പൈപ്പ് നന്നാക്കുന്നത്. ചുവട്ടുപാടത്ത് ജെ.സി.ബി ഉപയോഗിച്ച് ചാലെടുക്കുമ്പോഴും മണ്ണുനീക്കുമ്പോഴുമാണ് പൈപ്പ് പൊട്ടുന്നത്. കഴിഞ്ഞ ഞായറാഴ്ചയും ജോലിക്കിടെ പൈപ്പ് പൊട്ടി. നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ കരാർകമ്പനി പൈപ്പ് നന്നാക്കി. എത്ര ശ്രദ്ധയോടെ പണിചെയ്താലും പൈപ്പ് പൊട്ടുമെന്നും പഞ്ചായത്ത് ഇടപെട്ട് തത്കാലം പൈപ്പ് മൂന്നോ നാലോ മീറ്റർ മാറ്റി സ്ഥാപിക്കണമെന്നുമാണ് കരാർ കമ്പനി ആവശ്യപ്പെടുന്നത്. പെപ്പ് പൊട്ടുന്നതിന് ശാശ്വതപരിഹാരം കാണുന്നതിനായി പ്ലാസ്റ്റിക് പൈപ്പ് മാറ്റി ഇരുമ്പ് പൈപ്പ് ഇടുന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അമ്പിളി മോഹൻദാസ് പറഞ്ഞു.
ചുവട്ടുപാടത്ത് സർവീസ് റോഡിന്റെ നിർമാണത്തിനിടെ പൈപ്പ് പൊട്ടിയപ്പോൾ പ്രതിഷേധിച്ചെത്തിയ നാട്ടുകാർ