
ഒറ്റപ്പാലം: നൂറ്റാണ്ട് പിന്നിട്ട ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ വികസനം ഇനിയും ട്രാക്കിലായിട്ടില്ല. യാത്രക്കാരേറെയുണ്ടെങ്കിലും സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാത്ത റെയിൽവേ അധികൃതരുടെ നടപടിയിൽ യാത്രക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. പൊരിവെയിലും പെരുമഴയുംകൊണ്ടുവേണം യാത്രക്കാർക്ക് ടെയിൻ കാത്തുനിൽക്കാൻ. രണ്ട് പ്ലാറ്റ്ഫോമുകളുടെയും സ്ഥിതി വ്യത്യസ്തമല്ല. ട്രെയിൻ സ്റ്റേഷനിലെത്താൻ നേരം മേൽക്കൂരയ്ക്ക് കീഴിൽനിന്ന് മേൽക്കൂരയില്ലാത്ത പ്ലാറ്റ്‌ഫോമിലേക്ക് മഴയും വെയിലുമേറ്റ് നെട്ടോട്ടമോടേണ്ടിവരുന്നവരിൽ സ്ത്രീകളും കുട്ടികളും വൃദ്ധരുമുണ്ട്. റിസർവേഷൻ ബോഗികളാണ് മേൽക്കൂരയില്ലാത്ത പ്ലാറ്റ്‌ഫോമിൽ കൂടുതലും എത്തുന്നതെന്നതിനാൽ ദീർഘദൂര യാത്രികർക്കാണ് ബുദ്ധിമുട്ട് കൂടുതലുള്ളതും. സമീപ സ്റ്റേഷനായ ഷൊർണൂരിൽ സ്പർശിക്കാതെ കടന്നുപോകുന്ന ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെയുള്ള വണ്ടികളിൽ പലതിനും ഒറ്റപ്പാലത്ത് സ്റ്റോപ്പില്ല.
പാലക്കാട് നിന്ന് 33 ഉം ഷൊർണൂരിൽനിന്ന് 13 ഉം കിലോമീറ്ററിന് ഇടയിലുള്ള ഒറ്റപ്പാലത്ത് സ്റ്റോപ്പില്ലാത്ത കാരണം ചെർപ്പുളശ്ശേരി, മണ്ണാർക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് തൃശൂരിലിറങ്ങി തിരികെ യാത്ര ചെയ്യേണ്ട അവസ്ഥയാണ്. നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന പാർസൽ സർവീസിന്റെ പ്രവർത്തനം അധികൃതർ നിർത്തിവെച്ചതും ഇരുട്ടടിയായി. കംഫർട്ട് സ്റ്റേഷൻ, ക്ലോക്ക് റൂം, ട്രെയിൻ വിവരം അറിയാൻ സഹായിച്ചിരുന്ന ടച്ച് സ്‌ക്രീൻ സംവിധാനം, എൻക്വയറി കൗണ്ടർ തുടങ്ങി അത്യാവശ്യ സേവനങ്ങൾ ഒന്നൊന്നായി സ്റ്റേഷന് നഷ്ടമായി.
രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ മാത്രം പ്രവർത്തിക്കുന്നതാണ് ഇവിടുത്തെ റിസർവേഷൻ കൗണ്ടർ. തൽക്കാൽ ടിക്കറ്റിനായി രാവിലെ 11വരെ വരിനിൽക്കണം. പലർക്കും നിരാശയോടെ കാത്ത് നിന്നതാവും മിച്ചം. ഇതിനുശേഷം സ്റ്റേഷനിലെത്തുന്ന യാത്രക്കാർ തിരികെ ഷൊർണൂരോ പാലക്കാടോ പോയി റിസർവഷൻ ശരിയാക്കേണ്ട അവസ്ഥയാണ്. റെയിൽവേയുടെ ഈ അവഗണക്കെതിരെ സിറ്റിസൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ പ്രതിഷധ കൂട്ടായ്മക്ക് രൂപം നൽകിയിട്ടുണ്ട്.