
പാലക്കാട്: പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്താനുള്ള ഡെസ്റ്റിനേഷൻ ചലഞ്ചിലൂടെ തദ്ദേശ സ്ഥാപനങ്ങൾ വിനോദസഞ്ചാര മേഖലയുടെ പ്രധാന ചുമതലക്കാരായി മാറുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഉത്തരവാദിത്വ ടൂറിസം മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന 'സ്ട്രീറ്റ്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃത്താല വെള്ളിയാങ്കല്ല് ഡി.ടി.പി.സി പാർക്കിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ ടൂറിസം സാദ്ധ്യതകൾ എത്താത്ത സ്ഥലങ്ങൾ പരമാവധി കണ്ടെത്തുകയാണ് ഡെസ്റ്റിനേഷൻ ചലഞ്ച് കൊണ്ടുദ്ദേശിക്കുന്നത്. ഓരോ തദ്ദേശ സ്ഥാപനത്തിലും ഒരു ടൂറിസം കേന്ദ്രമെങ്കിലും ഉണ്ടാകും. ഇതിന്റെ സംരക്ഷണവും അതിൽ നിന്നുള്ള വരുമാനവും പഞ്ചായത്തുകൾക്ക് വലിയ മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു. സ്പീക്കർ എം.ബി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.