bindurajankuttapan
ബിന്ദുരാജു കുട്ടപ്പൻ

ചെങ്ങന്നൂർ : കാടുപിടിച്ച് ഉപയോഗശൂന്യമായി കിടക്കുന്ന പച്ചംവേലി ചാൽ നവീകരിക്കണമെന്ന ആവശ്യം ശക്തമായി. പണിനടക്കുന്ന പൂമല ടൂറിസം പ്രോജക്ടിനൊപ്പം ചാൽ ചേർക്കണം. പച്ചംവേലി മൂന്നേക്കർ ഭാഗത്തോളം വ്യാപിച്ചാണ് ചാൽ . പൂമല ടൂറിസം 13 ഏക്കറാണുള്ളത്. ബോട്ടിംഗ് അടക്കം ഉൾപ്പെടുന്ന പ്രോജക്ടാണിത്.

മുൻ എം.എൽ.എ കെ.കെ രാമചന്ദ്രൻ നായരുടെ കാലത്ത് 2 കോടി രൂപ അനുവദിച്ചാണ് പൂമല ടുറിസം പ്രോജക്ടിന്റെ നിർമ്മാണം ആരംഭിച്ചത്. മന്ത്രി സജി ചെറിയാന്റെ ആവശ്യാനുസരണം കൂടുതൽ തുക വകയിരുത്തി ചാലിന്റെ സൗന്ദര്യവത്കരണവും ചിറ വാതിൽക്കൽ ഇല്ലിമല തോടിന്റെ ആഴം കൂട്ടി ഭിത്തി നിർമ്മിക്കുന്ന ജോലിയും നടക്കുകയാണ്. പൂമല ചാലിൽ നിന്ന് ഒരു കിലോമീറ്റർ താഴെയാണ് പച്ചംവേലി ചാൽ. ഇതുകൂടി നവീകരിച്ചാൽ പദ്ധതി കൂടുതൽ വിപുലമാകാൻ സാദ്ധ്യതയുണ്ട്. ഇവ രണ്ടിലൂടെയുമാണ് ഇല്ലിമല തോട് കടന്നുപോകുന്നത്. ചാൽ, തോട് നിരപ്പിനേക്കാൾ ഉയർന്നായതിനാൽ തോടിന്റെ സുഗമമായ നീരൊഴുക്കിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഇല്ലിമല തോടിന്റെ കരഭാഗം അരക്കിലോമീറ്ററോളം മല തുരന്ന് മുപ്പതോളം മീറ്റർ ആഴമുള്ള പ്രകൃതിദത്ത ഗർത്തമാണ്.

ഇവിടെയുള്ള കലുങ്ക് പൊളിച്ച് പുതിയ പാലം നിർമ്മിക്കുക കൂടി ചെയ്താൽ പൂമല പദ്ധതിയിൽ ബോട്ട് സർവീസിനടക്കം ഈ തോടും പ്രയോജനപ്പെടുത്താം.മാമ്പറ്റപ്പടി, മലയിൽപടി റോഡിന് സമീപമാണ് പൂമല ടൂറിസം പദ്ധതി.

പച്ചവേലി ചാലിന്റെ ആഴംകുട്ടി വശം കെട്ടി സംരക്ഷിച്ച് പൂമലയോടൊപ്പം ചേർത്താൽ ,
പെഡസ്ട്രൽ മോട്ടോർ ബോട്ടുകളുടെ സർവീസ് കൂടുതൽ കാര്യക്ഷമമാക്കാനും ടുറിസ്റ്റുകളെ ആകർഷിക്കാനും സഹായകമാകും. പൂമല ചാലിന്റെ പാർശ്വഭിത്തി നിർമ്മാണവും നടപ്പാത നിർമ്മാണവും ആഴം കൂട്ടലും അന്തിമ ഘട്ടത്തിലാണ്.

ബിന്ദുരാജു കുട്ടപ്പൻ

ആലാ ഏജന്റ്