edamuri-
നിര്‍മ്മാണം പുരോഗമിക്കുന്നു പുതിയ കെട്ടിടം

റാന്നി: ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അത്യാധുനിക നിലവാരത്തിലാക്കുന്നതിന്റെ ഭാഗമായുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു.ഈ മാസം നിർമ്മാണ ജോലികൾ പൂർത്തീകരിക്കാനായിട്ടാണ് കരാർ കമ്പനി ശ്രമിക്കുന്നത്.കിഫ്ബി പദ്ധതിയിൽ 3.27 കോടി രൂപ മുതൽ മുടക്കിൽ മൂന്ന് നിലകളായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ 90% ജോലികളും പൂർത്തിയായി.ലോക്ക്ഡൗൺ മൂലം കരാർ കാലാവധിയിൽ നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കാത്തതിനാൽ മൂന്നുമാസം കൂടി കാലാവധി നീട്ടിയിരുന്നു. കിഫ്ബി പദ്ധതിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണച്ചുമതല വാഫ്‌കോസിനാണ് .കരുനാഗപ്പള്ളി ആസ്ഥാനമായുള്ള സൗത്ത് ഇൻഡ്യൻ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാറെടുത്തിരിക്കുന്നത്. ഒൻപതു മാസമായിരുന്നു ആദ്യ കരാർ കാലാവധി. മൂന്നു നിലകളായിട്ടുള്ള കെട്ടിടത്തിന്റെ എല്ലാ നിലകളിലും ഭിത്തി കെട്ടി മുറികൾ തിരിച്ച് പ്ലാസ്റ്ററിംങ്ങും പെയിന്റിംഗും തറ ടൈൽ പാകുന്ന ജോലികളും പൂർത്തിയായി. താഴത്തെ നിലയിലെ മുറികളിൽ ഇലക്ട്രിക് ജോലികൾ പൂർത്തിയായി.മറ്റു നിലകളിലെ ഇലക്ട്രിക് ജോലികൾ പുരോഗമിക്കുകയാണ്. ജനാലകൾക്ക് ഗ്രില്ലു സ്ഥാപിച്ച് ജോലികൾ പൂർത്തിയാക്കി.ഇനി കതകുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാകാനുണ്ട്.ടോയ്‌ലെറ്റുകൾക്കായി അനുവദിച്ച സ്ഥലങ്ങളിലെ അവസാന ജോലികളും തീരാനുണ്ട്.പുതുക്കിയ കാലാവധിയിൽ നിർമ്മാണം പൂർത്തീകരിക്കാനാവുമെന്ന് കരാർ കമ്പനി ഉദ്യോഗസ്ഥരമായുള്ള കൂടികാഴ്ചയിൽ അറിയിച്ചു.

ബലക്ഷയമുള്ള പഴയ കെട്ടിടം പൊളിച്ചു നീക്കി

ബലക്ഷയം നേരിട്ട കെട്ടിടം പൊളിച്ചു നീക്കിയ ശേഷം അവിടെ തന്നെയാണ് പുതിയ ബ്ലോക്കും നിർമ്മിക്കുന്നത്. പ്രധാനമായും അക്കാഡമിക് ബ്ലോക്കിനായിട്ടാണ് കെട്ടിടം നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറിൽ നാല് ക്ലാസ് മുറികൾ, അടുക്കള ,ഡൈനിംഗ് ഹാൾ,സ്റ്റോർ റൂം, ശുചിമുറികൾ എന്നിവയാണുള്ളത്. ഒന്നാം നിലയിൽ നാല് ക്ലാസ് മുറികളും എച്ച്.എം ഓഫീസ്, സ്റ്റാഫ് മുറികളും ശുചിമുറികളുമാണുണ്ടാവുക.രണ്ടാം നിലയിൽ അഞ്ച് മുറികളും ശുചിമുറികൾ എന്നിവയുണ്ട്. ഇതിൽ രണ്ടു ക്ലാസ് മുറി, ഒരു ഐ.ടി ലാബ്, കൗൺസിലിംഗ് മുറി, ല്രൈബറി എന്നിവയാണുള്ളത്. രണ്ടു വശത്തായി പടിക്കെട്ടുകൾ, അംഗപരിമിതർക്കായുള്ള പ്രത്യേക ശുചിമുറി, റാംമ്പ് എന്നിവയും പുതിയ കെട്ടിടത്തിലുണ്ട്.

പ്രവേശന കവാടവും ചുറ്റുമതിലും

ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് പ്രവേശന കവാടവും, സ്‌കൂൾ മുറ്റം തറയോടു പാകുന്ന ജോലിയും ഇതിനൊപ്പം നടന്നു വരുന്നു. ചുറ്റുമതിൽ നിർമ്മാണവും സ്‌കൂൾ കെട്ടിടത്തിനു പിന്നിലെ സ്ഥലം ഉപയോഗിച്ചുള്ള ഔഷധ സസ്യ ഉദ്യാന നിർമ്മാണവും ഉടൻ ആരംഭിക്കും.കെട്ടിടം പൂർത്തിയാവുന്നതോടെ വിദ്യാഭ്യാസ രംഗത്ത് ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് വലിയൊരു കുതിച്ചുചാട്ടമാണ് നടത്തുവാനാവുക. കഴിഞ്ഞ11വർഷമായി പത്താംതരത്തിൽ 100% വിജയമുള്ള സ്‌കൂളിൽ ഇത്തവണ ഹയർ സെക്കൻഡറിക്ക് 90% വിജയവും നേടാനായി.

- ചെലവ് 3.27 കോടി

-90% ജോലികളും പൂർത്തിയായി