water
നാരങ്ങാനത്ത് പൈപ്പ് പൊട്ടി വെള്ളം പോകുന്നു

കോഴഞ്ചേരി : പൈപ്പ് ലൈനിൽ വെള്ളം എത്താത്തിനാൽ നാരങ്ങാനം 4, 7, 9 വാർഡുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. അന്ത്യാളൻകാവിലുള്ള ടാങ്കിൽ നിന്നാണ് ഈ വാർഡുകളിലേക്ക് വെള്ളം എത്തുന്നത്. വെള്ളം വന്നാൽത്തന്നെ അരമണിക്കൂർ മാത്രമേ കിട്ടു. വിലകൊടുത്ത് വെള്ളം വാങ്ങേണ്ട ഗതികേടിലാണ് നാട്ടുകാർ.

2000 ലിറ്റർ വെള്ളത്തിന് 800 രൂപയാണ് ഈടാക്കുന്നത്. തികച്ചും സാധാരണക്കാർ താമസിക്കുന്ന സ്ഥമാണിത്. 2000 ലിറ്റർ വാങ്ങി ഉപയോഗിക്കാൻ എല്ലാ വീടുകളിലും ടാങ്കുകളും ഇല്ല. അധികൃതരോട് പല തവണ പരാതി അറിയിച്ചിട്ടുണ്ടെങ്കിലും പൈപ്പിന്റെ അറ്റകുറ്റപ്പണി ആണെന്നാണ് അവർ പറയുന്നത്. ഹൗസ് കണക്ഷൻ എടുത്തവർക്കും ഈ പ്രദേശങ്ങളിൽ വെള്ളം എത്തുന്നില്ല. പൊതുടാപ്പിലും വെള്ളം എത്തുന്നില്ല. പൊതുടാപ്പുകളിൽ ആളുകൾ ക്യൂ നിന്നാണ് വെള്ളം ശേഖരിക്കുന്നത്.

വെള്ളമുള്ള ബന്ധുക്കളുടെ വീടുകളിലും മറ്റും പോയാണ് തുണികഴുകുന്നതും മറ്റും. സമീപത്തുള്ള ഒരു കുളത്തിൽ പോയാണ് കുളിക്കുന്നത്.

പഞ്ചായത്തിന്റെ പലഭാഗത്തും പൈപ്പുപൊട്ടി വെള്ളം പാഴാകുന്നുണ്ട്. വേഗം നന്നാക്കുമെന്ന് പറയുന്നുണ്ടെങ്കിലും മാസങ്ങളായി ഇതുതന്നെയാണ് അവസ്ഥ. എല്ലാ വേനൽക്കാലത്തും ഇതേ അവസ്ഥയാണ് ഈ വാർഡുകളിലുള്ളവർ നേരിടുന്നത്.

കൃഷി ധാരാളമുള്ള പഞ്ചായത്താണ് നാരങ്ങാനം. വെള്ളമില്ലാത്തതിനാൽ കൃഷിയും പ്രതിസന്ധിയിലാണ്. മുമ്പ് പഞ്ചായത്ത് അധികൃതർ വെള്ളമെത്തിച്ച് നൽകിയിരുന്നു. ഇത്തവണ അധികൃതർ ഇക്കാര്യത്തിൽ തീരുമാനമൊന്നുമടുത്തിട്ടില്ല.

വി.സി സണ്ണി

ഇളപ്പുങ്കൽ ഏജന്റ്