river
വറ്റി ഒഴുകുന്ന അച്ചൻകോവിലാർ

ചെങ്ങന്നൂർ : കഴിഞ്ഞ വെള്ളപ്പൊക്കത്തിന് ശേഷം വെൺമണിയിൽ കുടിവെള്ളത്തിന് ക്ഷാമം രൂക്ഷമായി. ഒന്ന് മുതൽ അഞ്ച് വരെയുള്ള വാർഡുകളിലും എട്ട്, 11 വാർഡുകളിലുമാണ് ഏറെ ബുദ്ധിമുട്ട്. ഒന്ന്, രണ്ട് വാർഡുകളിൽ പഞ്ചായത്ത് വെള്ളം എത്തിക്കുന്നുണ്ട്. ബാക്കിയുള്ള വാർഡുകളിൽ വെള്ളമെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഉയർന്ന പ്രദേശമായതിനാൽ വെള്ളമെത്തിക്കാൻ ബുദ്ധിമുട്ടാണ്.

വേനൽക്കാലമായാൽ കിണറുകളും നദികളും വറ്രും. വെള്ളപ്പൊക്കത്തിന് ശേഷം അച്ചൻകോവിലാറിൽ നിന്ന് ചെളി നീക്കിയതോടെ കുടിവെള്ള ക്ഷാമം വീണ്ടും വർദ്ധിച്ചെന്നാണ് പ്രദേശവാസികൾ പറയുന്നത്. ചാങ്ങമല ഭാഗത്തും കുടിവെള്ളക്ഷാമം രൂക്ഷമാണ്. പഞ്ചായത്ത് അധികൃതർ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നത് മാത്രമാണ് ആകെയുള്ള ആശ്രയം. കിണറുകളിൽ രണ്ട് ബക്കറ്റ് വെള്ളം മാത്രമേ പരമാവധി ലഭിക്കുവെന്ന് നാട്ടുകാർ പറഞ്ഞു.

കൂലിപ്പണി ചെയ്ത് ഉപജിവനം നടത്തുന്ന നിരവധിപ്പേർ താമസിക്കുന്ന സ്ഥലമാണിത്. വേനലായാൽ ടാങ്കർ ലോറികളിലെ വെള്ളമാണ് ഏക ആശ്രയം. ഇവിടെ പൈപ്പ് ലൈനുകളിൽ കൂടി വെള്ളം എത്തുന്നത് കുറവാണ്. പൈപ്പുകൾ പൊട്ടിക്കിടക്കുന്നതിനാൽ അറ്റകുറ്റപ്പണി നടത്തേണ്ട സ്ഥിതിയാണ്. വെൺമണി പഞ്ചായത്തിലെ നിരപ്പായ പ്രദേശങ്ങളിൽ മാത്രമാണ് കുടിവെള്ളമുള്ളത്. അച്ചൻകോവിലാറും വറ്റിവരണ്ടതോടെ നാട്ടുകാർ ഏറെ ബുദ്ധിമുട്ടുന്നു.

ബ്ലസൻ ജേക്കബ്

വെൺമണി ഏജന്റ്