road
പലതുംപാട്ട് - ചക്കിമുക്ക് റോഡ്

കൊടുമൺ : കൊടുമൺ പഞ്ചായത്ത് അഞ്ചാംവാർഡിലെ പലതുംപാട്ട് - ചക്കിമുക്ക് റോഡിലൂടെ യാത്ര ചെയ്താൽ നടുവാെടിയും. രണ്ട് കിലോമീറ്ററോളം ദൂരം റോഡിലെ മെറ്റൽ ഇളകി കുഴി രൂപപ്പെട്ടിരിക്കുകയാണ്. അഞ്ച് വർഷത്തിലധികമായി റോഡ് തകർന്നിട്ട്. നിരവധി തവണ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയെങ്കിലും നടപടി ഉണ്ടായില്ല. അഞ്ച് വർഷം മുമ്പ് ടാർ ചെയ്യാനായി റോഡിൽ മക്ക് നിരത്തിയിരുന്നു, ഇത് ഇപ്പോൾ ഇളകിയ നിലയിലാണ്.

കൊടുമൺ പ്ലാന്റേഷന് സമീപമുള്ള റോഡാണിത്. കരാറുകാർ തമ്മിലുള്ള തർക്കമാണ് റോഡ് പണി മുടങ്ങാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണിത്. സാധാരണക്കാരാണ് അധികവും. കൊച്ചുകുട്ടികളടക്കം തകർന്ന റോഡിലൂടെയാണ് സ്കൂളിലേക്ക് പോകുന്നത്. പല വാഹനങ്ങളും റോഡ് മോശമായതിനാൽ ഇതുവഴി വരാൻ വിസമ്മതിക്കാറുണ്ട്. മെറ്റിൽ ഇളകി കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങളിലടക്കം യാത്ര ചെയ്യുന്നവർക്ക് അപകടസാദ്ധ്യത കൂടുതലാണ്. രണ്ട് കിലോമീറ്റർ ദൂരമുള്ള റോഡ് വർഷങ്ങളായി ടാർ ചെയ്യാതെ കിടന്നിട്ടും അധികൃതർ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. ആറുവീതിയുള്ള റോഡിൽ ആളുകൾക്ക് വഴി നടക്കാൻ പോലും പറ്റാത്ത സ്ഥിതിയാണുള്ളത്.വാഹനങ്ങൾ കടന്ന് പോയാൽ പൊടി ശല്യവും അസഹ്യമാകും.