 
ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിൽ അരീക്കരയിൽ നിന്ന് യുക്രൈനിൽ പഠിക്കുന്ന മൂന്ന് മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബത്തെ ബി.ജെ.പി ജില്ല പ്രസിഡന്റ് എം.വി ഗോപകുമാർ സന്ദർശിച്ചു. വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാനുള്ള എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു. യുക്രൈനിലുള്ള എല്ലാ ഭാരതീയരെയും നാട്ടിൽ എത്തിക്കാനുള്ള വലിയ ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും, അത് വിജയത്തിലെത്തുമെന്നും, ഭയപ്പെടേണ്ടകാര്യമില്ലെന്നും കുടുംബത്തോട് ഗോപകുമാർ പറഞ്ഞു. കുട്ടികൾക്ക് അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ, മെയിൽ ഐഡികൾ എന്നിവയും നൽകി. വിദ്യാർത്ഥികളുമായി ഫോണിൽ എം.വി ഗോപകുമാർ സംസാരിച്ചു. നിലവിൽ അവർ സുരക്ഷിതരാണെന്നും, ഭയപ്പെടേണ്ട കാര്യമില്ലെന്നും അവർ ഫോണിലൂടെ അറിയിച്ചു. ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, മണ്ഡലം കമ്മിറ്റിയംഗം വി.എൻ സുരേന്ദ്രൻ, വടക്ക് മേഖല പ്രസിഡന്റ് അനൂപ് പെരിങ്ങാല, ജനറൽ സെക്രട്ടറി എം.മനീഷ്, മഹിളമോർച്ച മേഖലാ ജനറൽ സെക്രട്ടറി അഞ്ജന സുധീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.