oda
കക്കൂസ് മാലിന്യം ഓടയിൽ കെട്ടികിടക്കുന്ന നിലയിൽ

ചെങ്ങന്നൂർ: വീടുകളിൽ നിന്നും ഓടയിലേക്ക് ഒഴുക്കിവിടുന്ന കക്കൂസ് മാലിന്യവും ആശുപത്രി മാലിന്യവും എത്തിച്ചേരുന്നത് ശുദ്ധജല സ്രോതസായ അച്ചൻകോവിലാറ്റിൽ. ആയിരക്കണക്കിന് ആളുകൾ കുടിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന നദിയിലെ ജലം ആതീവ മലീമസമായി. ആലപ്പുഴ ജില്ലയുടെ കിഴക്കൻ അതിർത്തി ഗ്രാമമായ വെണ്മണി പഞ്ചായത്തിലെ പുന്തലയിലാണ് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി മനുഷ്യവിസർജ്ജ്യവും ആശുപത്രി മാലിന്യങ്ങളും പൊതുഓടയിലേക്കും അതുവഴി ശുദ്ധജല സ്രോതസുകളിലേക്കും ഒഴുക്കുന്നത്. വെള്ളം ഉപയോഗിക്കുന്നവർക്ക് ചൊറിച്ചിലും നീർവീക്കവും ശ്വാസംമുട്ടലും ഉണ്ടാകുന്നു. വേനൽ കനത്തതോടെ ജല ദൗർലഭ്യം നേരിടുന്ന പ്രദേശത്തെ ജനങ്ങൾ അച്ചൻകോലിറ്റിലേയും സമീപത്തേ കൈത്തോടുകളിലേയും ജലത്തെ ആശ്രയിച്ചാണ് കഴിയുന്നത്. കുളനട വെണ്മണി റോഡിൽ കുളനട പഞ്ചായത്തിന്റെ പടിഞ്ഞാറൻ അതിർത്തിയും വെണ്മണി പഞ്ചായത്തിന്റെ കിഴക്കൻ അതിരിനേയും വേർതിരിച്ച് കുപ്പണ്ണൂർ പാടശേഖരത്തിൽ നിന്നും ആരംഭിച്ച് അച്ചൻകോവിലാറ്റിൽ എത്തുന്ന തോട്ടിലേക്കാണ് മാലിന്യം ഒഴുക്കിവിടുന്നത്.

പുന്തല ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശം

കുളനട- കൊല്ലകടവ് റോഡിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് പുന്തല. ഇവിടുത്തെ സ്വകാര്യ ആശുപത്രിയിലെ മാലിന്യവും പൈപ്പിട്ട് ഈ ഓടയിലേക്ക് ഒഴുക്കുന്നു. ഈ മലിനജലവും ഇവിടെനിന്നും തോട്ടിലൂടെ ആച്ചൻകോവിലാറ്റിലാണ് എത്തുന്നത്. മാലിന്യം ഓടയിൽ കെട്ടിനിന്ന് ഈച്ചയും കൊതുകും പെരുകുന്നതിനൊപ്പം പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവുമാണ് പരക്കുന്നത്. വിഷയം ഭരണകൂടത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. നിയമലംഘനം കണ്ടെത്തിയിട്ടും ബന്ധപ്പെട്ടവർ മൗനം പാലിക്കുന്നതിലും ജനങ്ങളിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

........................

പുന്തലയിൽ കക്കൂസ് മാലിന്യവും ആശുപത്രി മാലിന്യവും ഓടയിലേക്കും ശുദ്ധജല സ്രോതസിലേക്കും ഒഴുക്കിവിടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തികൾ അവസാനിപ്പിക്കണമെന്നും സ്വന്തം പുരയിടത്തിൽ കക്കൂസ് മാലിന്യം മറവുചെയ്യുവാൻ ആവശ്യമായ സംവിധാനം ഒരുക്കണമെന്നും നിർദ്ദേശിച്ച് ഇത്തരക്കാർക്ക് പഞ്ചായത്ത് രേഖാമൂലം നോട്ടീസ് നൽകിയിട്ടുണ്ട്. ഇത് തുടർന്നാൽ ആവശ്യമായ നിയമനടപടി സ്വീകരിക്കും.

സിനിമോൾ

(പഞ്ചായത്ത് പ്രസഡന്റ്)