
പത്തനംതിട്ട : കെ.എസ്.ആർ.ടി.സിയുടെ ഗവി - വണ്ടിപ്പെരിയാർ - പരുന്തുംപാറ - വാഗമൺ ടൂർ പാക്കേജ് സർവീസ് അനിശ്ചിതത്വത്തിൽ. വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം. പത്തനംതിട്ട കെ.എസ്.ആർ.ടി.സി ടെർമിനലിൽ നിന്ന് ആരംഭിക്കാനിരുന്ന സർവീസാണിത്. റാന്നി ഡി.എഫ്.ഒയ്ക്ക് കെ.എസ്.ആർ.ടി.സി അധികൃതർ അനുമതിയ്ക്കായി അപേക്ഷ നൽകിയിട്ട് രണ്ടാഴ്ചയായി. ഇതുവരെ വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. ഡി.എഫ്.ഒയെ മൊബൈൽ ഫോണിലും ഒാഫീസ് ഫോണിലും ബന്ധപ്പെടാൻ പലതവണ ശ്രമം നടത്തിയിട്ടും ഫലമുണ്ടായില്ല. ഗവി, വാഗമൺ ടൂർ പാക്കേജിൽ ഏറ്റവും തിരക്കേറിയ സമയമാണിത്. പുതിയ സർവീസ് സംബന്ധിച്ച് നിരവധി അന്വേഷണങ്ങൾ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഓഫീസിൽ നിരന്തരം എത്തുന്നുണ്ട്. വനംവകുപ്പിന്റെ അനുമതി ലഭിക്കുമെന്ന് കരുതിയാണ് കെ.എസ്.ആർ.ടി.സി ഇത്തരത്തിൽ സർവീസ് നടത്താൻ തീരുമാനിച്ചത്. ഗവി ടൂറിന് പറ്റിയ സമയമാണിപ്പോൾ. മഴക്കാലമായാൽ ഗവിയിലേക്ക് യഥേഷ്ടം സഞ്ചരിക്കാൻ കഴിയില്ല. ടൂർ പാക്കേജ് സർവീസിന് മൂന്ന് ബസുകൾ ഡിപ്പോ അധികൃതർ തയ്യാറാക്കിയിട്ടുണ്ട്.
പത്തനംതിട്ട , ഗവി , കുമളി ഓർഡിനറി യാത്രാസർവീസ് നിലവിലുണ്ട്.
പുതിയ ടൂറിസം സർവീസിൽ ഒരാൾക്ക് 700രൂപയാണ് ചാർജ്. വനമേഖലയിലൂടെ യാത്ര ചെയ്യുന്നതിന് വനംവകുപ്പിന് അടയ്ക്കേണ്ട 100രൂപയുടെ പാസ് ഉൾപ്പെടെയാണിത്. 36 സീറ്റുള്ള ഓർഡിനറി ബസാണ് സർവീസ് നടത്തുന്നത്. ഓൺലൈൻ ബുക്കിംഗ് സംവിധാനവും ഇതോടൊപ്പമുണ്ട്. രാവിലെ 6ന് പുറപ്പെട്ട് രാത്രിയോടെ ബസ് പത്തനംതിട്ടയിൽ തിരിച്ചെത്തും. വാഗമണ്ണിൽ നിന്ന് മുണ്ടക്കയം വഴിയാണ് മടക്കയാത്ര.
വനംവകുപ്പിന്റെ അനുമതി ലഭിച്ചാൽ
സീസൺ ആയതിനാൽ വനത്തിലൂടെയുള്ള സർവീസ് കെ.എസ്.ആർ.ടി.സിക്ക് വരുമാനം വർദ്ധിപ്പിക്കും. മറ്റു വാഹനങ്ങൾ ഇതുവഴി കടത്തിവിടാത്തതിനാൽ കൂടുതൽ സഞ്ചാരികളും എത്തും.
ആദ്യ ഘട്ടത്തിലെ ഒരുക്കങ്ങൾ
ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പത്തനംതിട്ടയിൽ രാത്രിയിൽ തങ്ങി പുലർച്ചെ യാത്ര തുടങ്ങുന്നതിന് കെ.എസ്.ആർ.ടി.സി ടെർമിനലിൽ താമസ സൗകര്യം ഒരുക്കും. ഇതിനായി 150 എ.സി കിടക്കകളാണ് ക്രമീകരിക്കുന്നത്. ഒന്നാം നിലയിൽ ഇതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പ്രാരംഭ ഘട്ടത്തിലാണ്. ഒരു കിടക്കയ്ക്ക് 100രൂപ ഫീസ് അടയ്ക്കണം. ടൂർ പാക്കേജിൽ ഉൾപ്പെടാത്ത, പുലർച്ചെയുള്ള ദീർഘദൂര യാത്രക്കാർക്കും കിടക്കകൾ അനുവദിക്കും.
ബസ് ടെർമിനലിൽ കുടുംബശ്രീ കഫെ ആരംഭിക്കാൻ അനുമതി ആയിട്ടുണ്ട്. ടെർമിനലിന് പുറത്ത് ഷോപ്പിംഗ് കോംപ്ലക്‌സിനോട് ചേർന്ന് പേ ആൻഡ് പാർക്ക് സംവിധാനം ഏർപ്പെടുത്തും.