cleaning
തിരുവല്ല നഗരസഭ ഉത്രമേൽ വാർഡിലെ കുളക്കാട് - കുന്നേകാട്ടുപടി കൈത്തോട്ടിലെ മാലിന്യങ്ങൾ നീക്കുന്നു

തിരുവല്ല: നഗരസഭാ പരിധിയിലെ കൈത്തോടുകളിൽ നീരൊഴുക്കിന് വഴിയൊരുങ്ങുന്നു. നഗരസഭയിലെ 29 -ാം ഉത്രമേൽ വാർഡിലെ കുളക്കാട് - കുന്നേകാട്ടുപടി തോട്ടിൽ അടിഞ്ഞുകിടന്ന മാലിന്യങ്ങൾ നീക്കിയാണ് കൈത്തോടിന് പുതുജീവനേകുന്നത്. പതിറ്റാണ്ടുകളായി മാലിന്യം കുമിഞ്ഞുകൂടി കാടുവളർന്നുമൂടി ചാൽ ഉണ്ടെന്നറിയാൻപോലും പറ്റാത്ത അവസ്ഥയിലായിരുന്നു. മരങ്ങളും മദ്യക്കുപ്പികളും കെട്ടിക്കിടന്ന മാലിന്യങ്ങളും ഉൾപ്പെടെയുള്ളവ ഈ കൈത്തോടുകളിൽ നിന്നും നീക്കം ചെയ്തു.ഏറെക്കാലമായുള്ള നാട്ടുകാരുടെ ആവശ്യമാണ് വാർഡുകൗൺസിലർ ശ്രീനിവാസ് പുറയാറ്റിന്റെ നേതൃത്വത്തിൽ നിറവേറ്റിയത്. വർഷങ്ങൾക്കു മുമ്പ് മണിപ്പുഴ തോട്ടിൽ നിന്നും കൃഷി ആവശ്യങ്ങൾക്കായി കുളക്കാട്, ഉത്രമേൽ, കുറിച്ചി എന്നീ പാടശേഖരങ്ങളിലേക്ക് ജലം എത്തിച്ചേരുന്നത് ഈ കൈത്തോട് വഴിയാണ്. പിന്നീട് നീരൊഴുക്ക് നിലച്ചതിനാൽ ഇവിടുത്തെ 18 ഏക്കറോളം കൃഷിഭൂമി ഇന്നും തരിശായി കിടക്കുന്നു. പ്രളയകാലത്ത് നീരൊഴുക്ക് സുഗമമാകാത്തതിനാൽ വെള്ളം കെട്ടിക്കിടന്ന് നിരവധി വീടുകളിൽ വെള്ളംകയറിയ സംഭവങ്ങളുമുണ്ടായി. പണ്ടുകാലത്ത് ഇവിടെ നിർമ്മിച്ച ചെറിയ കലുങ്കുകളും നീരൊഴുക്കിന് തടസമായിട്ടുണ്ട്.

പുനർജനിക്ക് പൂർണ പിൻതുണ

കൈത്തോടുകൾ വീണ്ടെടുക്കുന്ന ഉദ്യമത്തിൽ നാട്ടുകാരുടെ പിന്തുണയും ലഭിച്ചതോടെ ജോലികൾ വേഗത്തിലായി. തൊഴിലുറപ്പ് തൊഴിലാളികളും നഗരസഭ തൊഴിലാളികളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ പുനർജനി എന്ന് പേരിട്ടാണ് തോടുകൾ വീണ്ടെടുക്കുന്ന പ്രവർത്തികൾക്ക് തുടക്കമിട്ടത്.

..................................

പാടശേഖര സമിതി രൂപീകരിച്ച് ഇവിടുത്തെ തരിശായി കിടക്കുന്ന സ്ഥലങ്ങളിൽ കൃഷിയിറക്കാനുള്ള നടപടികൾ തുടങ്ങി.

ശ്രീനിവാസ് പുറയാറ്റ്

(വാർഡ് കൗൺസിലർ)

-നഗരസഭയിലെ 29 -ാം ഉത്രമേൽ വാർഡിലെ കുളക്കാട് -

കുന്നേകാട്ടുപടി തോട്ടിലെ മാലിന്യം നീക്കി