 
അടൂർ : ലോക്ക് ഡൗൺ കാലത്തെ വിരസത മാറ്റാൻ യൂട്യൂബിലൂടെ തിരഞ്ഞെടുത്ത പരിശീലനം ഒടുവിൽ റോസ് മറിയം ജിജു (12)വിനെ കണ്ടോർഷനിൽ താരമാക്കി. ചൂരക്കാട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാംക്ളാസ് വിദ്യാർത്ഥിനിയായ ഇൗ കൊച്ചുമിടുക്കി സ്വയം പരിശീലനം നടത്തിയാണ് അസാധാരണ മെയ് വഴക്കത്തിന് ഉടമയായത്. വെള്ളക്കുളങ്ങര കൊന്നയിൽ ജിജുവിന്റെയും ലാലിയുടെയും മകളാണ്. യൂ ട്യൂബ് കാണുന്നതിനിടയിലാണ് അമേരിക്കൻ ജിംനാസ്റ്റിക്കും കണ്ടോർഷനിസ്റ്റുമായ സോഫിഡോസിയുടെ വീഡിയോ കണ്ണിലുടക്കിയത്. തുടർന്ന് ആരാധനമൂത്ത് പരിശീലനംതുടങ്ങി. അസാധാരണ രീതിയിൽ വിനോദത്തിന്റെ ഒരുരൂപമെന്ന നിലയിൽ ശരീരത്തെ മൊത്തത്തിൽ അനായാസമായി വളച്ചൊടിക്കുന്നതിലുള്ള കഴിവാണ് കണ്ടോർഷൻ. ഒാരോ ആക്ഷനിലും ശരീരത്തിൽ അസ്ഥികളേ ഇല്ലെന്ന് കാഴ്ചക്കാരന് തോന്നുന്ന വിധത്തിലാണ് റോസിന്റെ ചലനങ്ങൾ. ഏകദേശം ആറുമാസത്തെ പരിശീലനം കൊണ്ട് ശരീരം വഴങ്ങി. തുടക്കത്തിൽ പേടിയുണ്ടായിരുന്നതിനാൽ യോഗാമാറ്റ്, ബെഡ് തുടങ്ങിയവയിലായിരുന്നു പരിശീലനം. പിന്നീട് സാധാരണ പ്രതലങ്ങളിലേക്ക് മാറി. സ്കൂളിലേയും താരമാണിപ്പോൾ റോസ്. അദ്ധ്യാപകർക്കും സഹപാഠികൾക്ക് മുന്നിലും കഴിവ് പ്രകടിപ്പിക്കുമ്പോൾ ഏവരും ശ്വാസം അടക്കിനിന്നാണ് കാണുന്നത്. ശാരീരികമായ പ്രശ്നങ്ങൾ ഉണ്ടാകുമോയെന്ന് ആദ്യമൊക്കെ മാതാവ് ലാലിക്ക് ഭയമുണ്ടായിരുന്നു. എന്നാൽ അതീവജാഗ്രതയോടെയായിരുന്നു പരിശീലനം. ഒടുവിൽ ഏതുതരത്തിലും മെയ് വഴങ്ങുമെന്ന് കണ്ടതോടെ വീട്ടുകാരും ആഹ്ളാദത്തിലായി. ഇപ്പോൾ ഏറെ അനുമോദനങ്ങൾ റോസിനെ തേടിവരുന്നുണ്ട്. കുട്ടിക്കാലം മുതൽ നൃത്തത്തോട് താല്പര്യം ഉണ്ടായിരുന്നു. മാതാപിതാക്കൾക്കൊപ്പം വിദേശത്തായിരുന്നപ്പോൾ ഇന്ത്യൻ എംബസിയിലെ യോഗാപരിശീലനത്തിൽ പങ്കെടുത്തതും സഹായകമായെന്ന് റോസ് പറഞ്ഞു.