 
തിരുവല്ല: പെരിങ്ങരയിൽ മതിലിനോട് ചേർന്ന് കൂട്ടിയിട്ടിരുന്ന വിറകിനടിയിൽനിന്നും മൂർഖനെ പിടികൂടി. പെരിങ്ങര നെടുന്തറയിൽ വീട്ടിൽ രവിയുടെ പുരയിടത്തിലെ മതിലിന് സമീപത്ത് നിന്നും തിങ്കളാഴ്ച രാത്രി 11നാണ് നാലടിയോളം നീളമുള്ള മൂർഖനെ വിദഗ്ധൻ ചക്കുളം പ്രജീഷെത്തി പിടികൂടിയത്. രാത്രി പത്ത് മണിയോടെ വീടിന്റെ മുറ്റത്തോട് ചേർന്ന് രവിയാണ് പാമ്പിനെ കണ്ടത്. തുടർന്ന് അയൽവാസികളെ വിവരമറിയിച്ചു. ആളനക്കം കണ്ടതോടെ മൂർഖൻ മതിലിനോട് ചേർന്ന് കൂട്ടിയിട്ടിരുന്ന വിറകുകൾക്കിടയിൽ ഒളിച്ചു. സംഭവമറിഞ്ഞെത്തിയ മുൻ പഞ്ചായത്തംഗം എൻ.എം ഷിബു അറിയിച്ചതിനെ തുടർന്ന് ചക്കുളം പ്രജീഷെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. മൂർഖനെ റാന്നിയിൽ നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയതായി ചക്കുളം പ്രജീഷ് പറഞ്ഞു.