ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്തിലെ ഇരമല്ലിക്കര മദനശേരിക്കടവിൽ ഗുണ്ടാ ആക്രമണം.ഗുണ്ടാപ്പിരിവ് ചോദിച്ചെത്തിയ സംഘം സമീപവാസിയായ വയോധികനെ കുത്തിപ്പരിക്കേൽപ്പിച്ചു. ആക്രമണം തടയുന്നതിനിടെയാണ് പരിക്കേറ്റത്. ഇരമല്ലിക്കര ആറ്റുപുറത്ത് ചന്ദ്രശേഖരൻ നായരുടെ (62) വലതു കൈപ്പത്തിക്കാണ് മുറിവേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം കടവിലെ പാലത്തിനു സമീപം ബൈക്കിലെത്തിയ മൂന്നംഗ സംഘം പ്രദേശത്തു ബജിക്കട നടത്തുന്ന കളീക്കൽ മുരളീധരൻ പിള്ളയോട് 500 രൂപ പിരിവ് ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ സംഘത്തിലൊരാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി. ഭയന്നു പോയ മുരളീധരൻ പിള്ള സമീപത്തെ ചന്ദ്രശേഖരൻ നായരുടെ വീട്ടിലേക്കു ഓടികയറി. പിന്നാലെ സംഘവുമെത്തി. കത്തിയുമായെത്തിയ ആൾ പിന്നീട് ചന്ദ്രശേഖരൻ നായരെ ആക്രമിക്കാൻ തുനിഞ്ഞു. തടയുന്നതിനിടെയാണ് വലതു കൈപ്പത്തിയിൽ കുത്തേറ്റത്. സംഭവം കണ്ടു ഓടിക്കൂടിയ നാട്ടുകാർ സംഘത്തെ കീഴടക്കാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർക്ക് നേരെ കുരുമുളക് സ്‌​പ്രേ ഉപയോഗിച്ചു. തുടർന്നു കത്തി വീശി സംഘം ബൈക്കിൽ രക്ഷപ്പെട്ടു.