ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി നാളിൽ മഹാദേവനു പരിശവുമായി ആലപ്പാട്ട് അരയപ്രമാണിമാരെത്തി. അഴീക്കൽ പൂക്കോട്, വ്യാസവിലാസം കരയോഗങ്ങളുടെ നേതൃത്വത്തിൽ മറ്റ് കരയോഗങ്ങളുടെ സഹകരണത്തിലുമാണ് ചടങ്ങ് നടത്തിയത്. ചൊവ്വാഴ്ച രാവിലെ ആറിന് അഴീക്കൽ പൂക്കോട്ട് ദേവീക്ഷേത്രത്തിൽ നിന്നു പരിശ കുംഭവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ആരംഭിച്ചു. 29 ക്ഷേത്രങ്ങളിലെ സ്വീകരണത്തിനു ശേഷം ഘോഷയാത്ര വൈകുന്നേരം ചെങ്ങന്നൂർ മഹാദേവക്ഷേത്ര കിഴക്കേനടയിലെത്തി. ദേവസ്വം അധികാരികളും ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളും ചേർന്നു സ്വീകരിച്ചു. പൂക്കോട് കരയോഗം പ്രസിഡന്റ് ജെ. വിശ്വംഭരൻ, ശ്രായിക്കാട് അരയജന കരയോഗം പ്രസിഡന്റ് രഞ്ജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി. അരയരാജാവ് അതിയതരയന്റെ മകളായി പാർവതി ദേവി ജന്മമെടുത്തെന്ന ഐതിഹ്യമാണ് പരിശംവെയ്പ്പ് ചടങ്ങിന് പിന്നിലുള്ളത്. വിവാഹശേഷം നൽകേണ്ട പരിശം (സ്ത്രീധനം) 'ചെല്ലുന്ന ഊരിൽ' (ചെങ്ങന്നൂരിൽ) കൊണ്ടുവന്നു തരണമെന്ന ദേവന്റെയും, ദേവിയുടെയും നിർദ്ദേശപ്രകാരം ചെങ്ങന്നൂരിലെത്തി പരിശം സമർപ്പിച്ചെന്നാണ് ഐതിഹ്യം. ഇതിന്റെ ഓർമ പുതുക്കലായാണ് ആലപ്പാട്ടരയന്മാർ പരിശം വയ്പു ചടങ്ങു നടത്തുന്നത്. പുലർച്ചെ ഒന്നു മുതൽ പരിശംവെയ്പ് ചടങ്ങുകൾ ആരംഭിച്ചു. ശ്രീപരമശിവനും പാർവതി ദേവിയും രണ്ട് ആനപ്പുറത്തേറീ എഴുന്നെളളി ആറ് പ്രദക്ഷണത്തിനുശേഷം ഏഴാമത്തെ പ്രദക്ഷിണത്തിന് കിഴക്കേ ആനക്കൊട്ടിലിലെത്തി. തെക്കേ കളത്തടിയിൽ പരിശവുമായി ഇരിക്കുന്ന അരയപ്രമാണിമാർക്കു ദർശനം നൽകി നിറപറ സ്വീകരിച്ചു. തുടർന്ന് ദേവസ്വം അധികാരികൾ അലപ്പാട്ട് അരയനെ ആചാരപ്രകാരം സ്വീകരിച്ചാനയിച്ചു. ദേവീദേവന്മാരുടെ മുമ്പിൽ മെത്തപ്പായിൽ വിരിച്ച ഇലമേൽ വെളളിക്കുടത്തിൽ അരയപ്രമാണി പരിശംവെച്ചതോടെ ചടങ്ങു പൂർത്തിയായി.