car
കാട്ടുപന്നി ഇടിച്ചു കേടുപാട് പറ്റിയ കാർ

റാന്നി: പട്ടാപ്പകൽ റോഡിലിറങ്ങിയ കാട്ടുപന്നി കാറിലിടിച്ചു. ഇന്നലെ ഉച്ചക്ക് 12.15 ഓടെ കീക്കൊഴൂർ വയലത്തല റോഡിലായിരുന്നു സംഭവം. ബ്ലോക്കുപഞ്ചായത്തംഗം പള്ളിയേത്ത് സാം പി.തോമസ് കുടുംബവുമൊത്ത് റാന്നിയിൽ പോയി മടങ്ങുമ്പോൾ വയലത്തല ശ്രീരാമവിലാസം കോളനി ഭാഗത്ത് നടുറോഡിലാണ് കാട്ടുപന്നി കാറിന് കുറുകെ ചാടിയത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻ ഭാഗത്ത് കേടുപാടുകൾ സംഭവിച്ചു. ഇടികൊണ്ട കാട്ടുപന്നി സമീപത്തെ കൈയാല ചാടി രക്ഷപ്പെട്ടു. വാഹനത്തിന് വേഗത കുറവായതിനാൽ അപകടം ഒഴിവായി. വാഹനത്തിനുണ്ടായ നഷ്ടത്തിനും തനിക്കുണ്ടായ മാനസികാഘാതത്തിനും നഷ്ടപരിഹാരം വേണമെന്ന് സാം പി.തോമസ് ആവശ്യപ്പെട്ടു. വനം വകുപ്പിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.