 
മല്ലപ്പള്ളി : പെരുമ്പെട്ടി -പുതുക്കുടിമുക്ക് റോഡിൽ 1971ൽ നിർമ്മാണം പൂർത്തിയായ ഉള്ളൻമല പാലം അപകടത്തിൽ. വലിയകാവ് വനത്തിന്റെ വൃഷ്ടി പ്രദേശങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന പെരുമ്പെട്ടി വലിയ തോടിന് കുറുകെ ചാലാപ്പള്ളി - കോട്ടാങ്ങൽ ബാസ്റ്റോ റോഡിനെയും മടത്തുംചാൽ - മുക്കൂട്ടുതറ എന്നീ റോഡുകളുടെ ബൈപ്പാസ് റോഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. 12മീറ്റർ നീളവും 5മീറ്റർ വീതിയും 5മീറ്റർ ഉയരവുമുള്ള പാലത്തിന്റെ ഇരു കരകളിലും മദ്ധ്യത്തിലും കരിങ്കൽ ഭിത്തിയിലാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. പാലത്തിന്റെ അടിത്തട്ടിലെ കോൺക്രീറ്റുകൾ ഇളകി തോട്ടിൽ വീണ നിലയിലാണ്. കമ്പികൾ പൂർണമായി പുറത്തു കാണാം ഇത് തുരുമ്പിച്ച് ജീർണാവസ്ഥയിലുമാണ്. കരിങ്കൽ കെട്ടുകൾ തള്ളി ഭിത്തിയിലെ സിമിന്റെ് മിശ്രിതം ഇളകിയ നിലയിലും . ഇരു റോഡുകളിലും ഗതാഗത തടസം ഉണ്ടാകുമ്പോൾ വാഹനങ്ങൾ തിരിച്ചു വിടുന്നതും ഇതിലെ തന്നെ. ഭാരം കയറ്റിയ വാഹനങ്ങളുടെ സഞ്ചാരം അധികൃതർ നിരോധിച്ചിട്ടുണ്ടെങ്കിലും നിയമം കാറ്റിൽ പറത്തി വാഹനങ്ങൾ പായുകയാണ് ഈ റൂട്ടിൽ. സ്കൂൾ ബസുകൾ അടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്നുണ്ടെങ്കിലും പതിയിരിക്കുന്ന അപകടം ശ്രദ്ധിക്കാത്തത് വലിയ ദുരന്തത്തിന് കാരണമാകും. അടുത്ത കാലവർഷത്തിലെ ജല ഒഴുക്കിനെ അതിജീവിക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
..............................
മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അമിതഭാരം കയറ്റിയ വാഹങ്ങൾ പോകുന്നത് വലിയ ദുരന്തത്തിന് വഴിക്കാൻ സാദ്ധ്യത ഏറെയാണ്.
സി.എച്ച് സലിം
(പ്രദേശവാസി)
കോൺക്രീറ്റ് ഇളകി, കമ്പികൾ
തുരുമ്പിച്ചു ജീർണാവസ്ഥയിൽ
........................
പാലത്തിന് 12 മീറ്റർ നീളം
5 മീറ്റർ വീതി
5 മീറ്റർ ഉയരം
.........................
പ്രധാന പ്രശ്നം
പാലത്തിന്റെ കരിങ്കൽകെട്ടുകൾ തള്ളി
ഭിത്തിയിലെ സിമന്റ് മിശ്രിതം ഇളകി