കെ.എസ്.ആർ.ടി.സി സർവീസുകൾ കുറവ്

തിരുവല്ല: കൊവിഡ് ഇളവുകളെ തുടർന്ന് സ്‌കൂളുകളും കോളേജുകളും തുറന്നതോടെ യാത്രാക്ലേശം രൂക്ഷമായി. കെ.എസ്.ആർ.ടി.സി പഴയപോലെ കൂടുതൽ ബസുകൾ സർവീസ് നടത്താത്തതിനാൽ യാത്രക്കാർ പെരുവഴിയിലായി. ബസുകളുടെയും ജീവനക്കാരുടെയും കുറവുകാരണം പല സർവീസും നിലച്ചിരിക്കുകയാണ്. തിരുവല്ല ഡിപ്പോയിൽ 15 കണ്ടക്ടർമാരുടെയും 10 ഡ്രൈവർമാരുടെയും പത്തിലധികം ബസുകളുടെയും കുറവുണ്ട്. ഇതുകാരണം കൂടുതൽ സർവീസുകൾ നടത്താൻ കഴിയില്ലെന്നാണ് ഡിപ്പോ അധികൃതർ പറയുന്നത്. തിരുവല്ലയിൽ നിന്ന് മുമ്പ് ദിവസേന 75 സർവീസുകൾ വരെ നടത്തിയിരുന്നതാണ്. ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ യാത്രാക്ലേശം പരിഹരിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ 41 സർവീസുകൾ മാത്രമാണ് നടത്തുന്നത്. കൊവിഡിനെ തുടർന്ന് ഗ്രാമീണ മേഖലയിലേക്ക് നടത്തിയിരുന്ന സർവീസുകളെല്ലാം നിറുത്തിവച്ചു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിട്ടും നിറുത്തിയ സർവീസുകൾ പുനരാരംഭിക്കാൻ ബസുകളില്ല. ഡിപ്പോയിലെ ഒട്ടേറെ ബസുകൾ അടുത്തകാലത്ത് മറ്റു ഡിപ്പോകളിലേക്ക് കൊണ്ടുപോയി. ജീവനക്കാരും കുറവായതിനാൽ വരുമാനമുള്ള കുറച്ചു സർവീസുകൾ മാത്രമാണ് നടത്തുന്നത്.

ബസുകളിൽ തിരക്കേറി


കെ.എസ്.ആർ.ടി.സി ബസുകളുടെ ദിനംപ്രതിയുള്ള വരുമാനം കുത്തനെകൂടി. കൊവിഡ് വ്യാപനം കുറഞ്ഞതോടെ വിദ്യാലയങ്ങളുടെയും ഓഫീസുകളുടെയും മറ്റും പ്രവർത്തനം സാധാരണ നിലയിലായി. ബസുകളിലെല്ലാം തിങ്ങിനിറഞ്ഞു യാത്രക്കാരാണ്. കഴിഞ്ഞ ദിവസങ്ങളിലെ ഡിപ്പോയുടെ വരുമാനം പ്രതിദിനം അഞ്ചുലക്ഷം വരെയായിരുന്നു. ബസുകളുടെ ശരാശരി വരുമാനവും കിലോമീറ്റർ പ്രകാരം 40ന് മുകളിലാണ്. കൊവിഡിന് ശേഷം ഇത്രയധികം വരുമാനം ലഭിക്കുന്നത് ഇപ്പോഴാണ്. കൂടുതൽ ബസുകൾ ഓടിച്ചാൽ ഡിപ്പോയുടെ വരുമാനം കൂടും.