അടൂർ : സി. പി. എം കൗൺസിലർ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന് ആരോപിച്ച് അടൂർ നഗരസഭയിലെ വനിതാ ജീവനക്കാരി നൽകിയ പരാതി നഗരസഭാ സെക്രട്ടറി പൊലീസിന് കൈമാറി. തന്റെ വാർഡിലെ വീടുകളുടെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ളവയുടെ ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കൗൺസിലർ നൽകിയ അപേക്ഷകളിൽ മതിയായ രേഖകൾ വേണമെന്ന് ജീവനക്കാരി ആവശ്യപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കമാണ് പരാതിക്കിടയാക്കിയത്. നേരത്തെ പ്രശ്നം ഒത്തുതീർപ്പാക്കിയെങ്കിലും വീണ്ടും തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ജീവനക്കാരി നഗരസഭാ ചെയർമാൻ ഡി. സജിക്കും ഇടതുപക്ഷ യൂണിയനും പരാതി നൽകിയത്.
ഇൗ പരാതി പൊലീസിന് കൈമാറാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ബി. ജെ. പി, കോൺഗ്രസ്, മഹിളാ കോൺഗ്രസ് നേതൃത്വത്തിൽ നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ചും ധർണയും നടത്തിയിരുന്നു.