ചെങ്ങന്നൂർ: പ്രതികളെ റെയിൽവേ പൊലീസിന്റെ സഹായത്തോടെയാണ് അന്ന് വിശാഖപട്ടണത്തു നിന്ന് അറസ്റ്റ് ചെയ്തത്. കൊലപാതകശേഷം ചെങ്ങന്നൂരിൽ നിന്ന് ചെന്നൈയിലെത്തി, അവിടെ നിന്ന് ചെന്നൈ കോറമണ്ഡൽ എക്‌സ് പ്രസിൽ ബംഗാളിൽ എത്തിയ ശേഷം ബംഗ്ലാദേശിലേക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ പ്രതികളോടൊപ്പം വെണ്മണി കോടുകുളഞ്ഞിക്കരോട്ടെ വാടകവീട്ടിൽ താമസിച്ചിരുന്ന മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ വ്യക്തമായ സൂചനകൾ ലഭിച്ചു. രക്ഷപ്പെട്ട പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാതെ കൂടെ യാത്രചെയ്തിരുന്നവരുടെ ഫോണിൽ നിന്ന് വെണ്മണിയിലുള്ള സുഹൃത്തുക്കളെ ഇടയ്ക്കിടെ വിളിച്ചിരുന്നു. ഈ ഫോൺവിളികൾ പിന്തുടർന്നാണ് പ്രതികൾ ട്രെയിനിൽ സഞ്ചരിക്കുകയാണെന്ന് കണ്ടെത്തിയത്.
കൊലപാതക ശേഷം കോടുകുളഞ്ഞിയിലെ വാടക വീട്ടിലെത്തിയ പ്രതികൾ ഇവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. സംഭവശേഷം വൈകിട്ട് 5.26നുള്ള തിരുവനന്തപുരം ചെന്നൈ മെയിലിൽ കയറി 12ന് രാവിലെ 7.56ന് ചെന്നൈയിലെത്തി. കൊൽക്കത്തയിലേക്കുള്ള (ഹൗറ) കൊറമണ്ഡൽ എക്‌സ് പ്രസിൽ രാവിലെ 8.46ന് ചെന്നൈയിൽ നിന്ന് കയറിയതായും കണ്ടെത്തി. തുടർന്ന് പ്രതികൾ കൊൽക്കത്തയിൽ എത്തുന്നതിന് മുൻപേ എത്താൻ അന്വേഷണ സംഘം വിമാന മാർഗം കൊൽക്കത്തക്ക് പുറപ്പെട്ടു. യാത്രയ്ക്കിടെ പ്രതികളെ വിശാഖപട്ടണത്ത് വെച്ച് കണ്ടെത്തി. കൊൽക്കത്തയിൽ വെച്ച് ഇവരെ പിടികൂടാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും വൈകിയാൽ വഴുതിപ്പോകുമോയെന്ന ആശങ്കയിൽ ആർ.പി.എഫ് സംഘം ഇവരെ കസ്റ്റഡിയിലെടുത്ത ശേഷം പൊലീസിനു കൈമാറുകയായിരുന്നു.
കൊച്ചി റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാർ എസ്, എസ്.പി കെ.എം ടോമി, എ.എസ്.പി ബി. കൃഷ്ണകുമാർ, ഡിവൈ.എസ്.പിമാരായ അനീഷ് വി. കോര, ആർ.ബിനു എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് കേസന്വേഷണം നടത്തിയത്.