പത്തനംതിട്ട : വള്ളിക്കോട് കൊടുമൺ അങ്ങാടിക്കൽ ശുദ്ധജലവിതരണ പദ്ധതിയിൽ നിന്നും വള്ളിക്കോട് പഞ്ചായത്തിലേക്ക് നടത്തുന്ന കുടിവെള്ള വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ വാട്ടർ അതോറിട്ടി എക്‌സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു. നിലവിലുളള പമ്പിംഗ് സമയം വർദ്ധിപ്പിക്കുക, പ്ലാന്റിൽ പുതിയ മോട്ടോർ സ്ഥാപിക്കുക, വാൽവുകൾ നിലവിലുള്ളത് പ്രവർത്തിപ്പിക്കുകയും പുതിയത് ആവശ്യമുണ്ടെങ്കിൽ സ്ഥാപിക്കുകയും ചെയ്യുക, പൈപ്പിന്റെ അറ്റകുറ്റ പണികൾ സമയബന്ധിതമായി പൂർത്തീകരിക്കുക, പൈപ്പുകൾ മാറ്റി പുതിയ പൈപ്പ് സ്ഥാപിക്കുന്നത് പൂർത്തീകരിക്കുക, ജലത്തിന്റെ ദുരുപയോഗം തടയുക, പഞ്ചായത്തിലെ പമ്പിംഗ് പകൽ സമയത്ത് നടത്തുക, ജലവിതരണം നടത്തുന്ന 4 ലൈനുകളിൽ എല്ലായിടത്തും യഥാക്രമം വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ പ്രശ്‌നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് അറിയിച്ചു.വാട്ടർ അതോറിട്ടി ജീവനക്കാരുടെയും പഞ്ചായത്തിന്റെയും സംയുക്ത യോഗം ചേർന്ന് ആവശ്യമായ പരിഹാരം കാണാമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ ഉറപ്പ് നൽകിയതായി പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി.ജോൺ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി ജോസ്,വാർഡ് മെമ്പർമാരായ പത്മ ബാലൻ, എം.വി സുധാകരൻ, ആൻസി വർഗീസ്, ജെ.ജയശ്രീ, ജി.ലക്ഷ്മി,ലിസി ജോൺസൺ, തോമസ് ജോസ് അയ്യനേത്ത്,എം.ആതിര തുടങ്ങിയവർ പങ്കെടുത്തു.