ചെങ്ങന്നൂർ: കോടിയാട്ടുകര പാടശേഖരത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വൈകുന്നേരം പുല്ലരിയാനെത്തിയവരാണ് പാടശേഖരത്തിന്റെ കാടുകയറി കിടന്ന ഭാഗത്തു അസ്ഥികൂടം കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക് സംഘം എത്തി പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ഡി.എൻ.എ പരിശോധനക്കായി അസ്ഥികൂടത്തിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു. ചെങ്ങന്നൂർ സി.ഐയുടെ നേതൃത്വത്തിലുളള പൊലീസംഘമാണ് അന്വേഷണം നടത്തുന്നത്. സെപ്തംബ‌ർ 19 മുതൽ ചെങ്ങന്നൂർ പുതുശേരി ഭാഗത്തുനിന്നും റിട്ട.എക്സൈസ് എസ്.ഐ രാമചന്ദ്രൻ നായർ (85)നെ കാണാതായിട്ടുണ്ട്. അസ്ഥികൂടം ഇദ്ദേഹത്തിന്റെയാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.