നാരങ്ങാനം: നെല്ലിക്കാല - ആലുങ്കൽ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തുമ്പോൾ നാട്ടുകാർ ആശങ്കയിലാണ്. ആധുനിക ടാറിംഗ് ഒന്നാം ഘട്ടം പൂർത്തിയായ റോഡിന്റെ അപകട സാദ്ധ്യത കൂടിയ പല ഭാഗങ്ങളിലും സംരക്ഷണഭിത്തിയില്ലാത്തതാണ് പ്രശ്നം. വെള്ളപ്പാറ ജംഗ്ഷന് സമീപം കാവിൽ കുഞ്ഞുമോന്റെ വീടിന്റെ സംരക്ഷണഭിത്തി ഉൾപ്പെടെ ഇടിഞ്ഞുതാണ നിലയിലായിട്ടും നടപടിയില്ല. ഇടിഞ്ഞുവീഴാറായ ഭാഗത്തോട് ചേർന്നാണ് ടാറിംഗ് നടത്തിയിരിക്കുന്നത്. വഴി പരിചയമില്ലാത്ത ഇരുചക്രവാഹനങ്ങൾ ഇതുവഴി അമിത വേഗത്തിൽ പോകുന്നത് അപകടത്തിന് കാരണമാകും. അഞ്ചര മീറ്റർ വീതിയിൽ ടാറിംഗ് നടത്തിയ റോഡിന് പല ഭാഗത്തും വീതി കുറവായതിനാൽ ടാറിംഗ് കഴിഞ്ഞാൽ കുഴി എന്നതാണ് സ്ഥിതി. കലുങ്കുകൾ പലയിടത്തും റോഡിലേക്ക് ഇറങ്ങിനിൽക്കുന്നു. കാന പലഭാഗത്തും ഇല്ലാത്തതിനാൽ കലുങ്കിന്റെ കുഴികൾ അപകടകരമായ നിലയിലാണ് പലയിടത്തും.രണ്ടാംഘട്ട ടാറിംഗ് തുടങ്ങുന്നതിന് മുമ്പ് അടിയന്തരമായി അപകട സാദ്ധ്യത കൂടിയ ഭാഗങ്ങൾ കെട്ടി വീതികൂട്ടുന്നതിലും, റോഡിലേക്ക് ഇറങ്ങി ൽക്കുന്ന കലുങ്കുകൾ വീതി കൂട്ടുന്നതിനും നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.