 
പത്തനംതിട്ട: വീട്ടമ്മയെ വീടുകയറി ആക്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. അയിരൂർ കോറ്റാത്തൂർ ചോതുപ്ലാക്കൽ ലിൻസു ജി. വർഗീസിനെ (35)യാണ് കോയിപ്രം പൊലീസ് അറസ്റ്റു ചെയ്തത്. വീട്ടമ്മയുടെ മകളുമായുള്ള വിവാഹം നടത്തിക്കൊടുക്കാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമായതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മയുടെ പരാതിയിൽ കോയിപ്രം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. എസ്.ഐ അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലിൻസുവിനെ ഇന്നലെ പുതിയകാവിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.