
പത്തനംതിട്ട : മലയാളി മാറി നിന്ന മേഖലകളിലെല്ലാം അന്യ സംസ്ഥാന തൊഴിലാളികൾ ഇടം പിടിച്ചുകഴിഞ്ഞു. ജില്ലയിൽ നിലവിൽ 12000 അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നാണ് തൊഴിൽ വകുപ്പിന്റെ കണക്കിൽ പറയുന്നത്. സ്വന്തം നാട്ടിൽ ലഭിക്കുന്നതിലും കൂടുതൽ കൂലിയും തൊഴിൽ സുരക്ഷിതത്വവും കേരളത്തിൽ ലഭിക്കുന്നുണ്ടെന്ന കാരണത്താലാണ് അന്യസംസ്ഥാന തൊഴിലാളികൾ ഇവിടേക്ക് കൂടുതലായി എത്തുന്നത്. ഇൻഷുറൻസ് അടക്കമുള്ള സൗകര്യങ്ങൾ സർക്കാർ ഇവർക്കായി നൽകുന്നു. എന്നാൽ തൊഴിലിടങ്ങളിൽ ഒരേജോലി ചെയ്താലും നാട്ടിലെ തൊഴിലാളിയ്ക്കും അന്യസംസ്ഥാന തൊഴിലാളിയ്ക്കും രണ്ട് രീതിയിലാണ് വേതനം.
ജോലിയ്ക്കിടെ അപകട മരണങ്ങൾ
കഴിഞ്ഞ രണ്ട് വർഷത്തിനിടെ അന്യ സംസ്ഥാന തൊഴിലാളികളിൽ 9 പേർ ജോലിയ്ക്കിടെ മരണപ്പെട്ടിട്ടുണ്ട്. ഇവരിൽ 8 പേരുടെ മൃതദേഹം നാട്ടിലെത്തിച്ചു. സുരക്ഷയില്ലാതെ കെട്ടിടങ്ങളിൽ കയറിയും കെട്ടിടങ്ങൾ നിലത്തേക്ക് പതിച്ചുമാണ് അപകടങ്ങൾ.
മുൻ വർഷങ്ങളിലേക്കാൾ കുറവ്
2020 ലെ കൊവിഡ് സാഹചര്യത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയം ജില്ലയിൽ 22000 അന്യ സംസ്ഥാന തൊഴിലാളികളുണ്ടായിരുന്നു. അന്ന് കൂട്ടത്തോടെ മടങ്ങിപോയവരുമുണ്ട്. നിലവിൽ 12000 പേർ മാത്രമാണ് ജില്ലയിലുള്ളത്.
2021 ൽ 14 പരാതികൾ
ജില്ലയിൽ അന്യ സംസ്ഥാന തൊഴിലാളികൾക്ക് ജില്ലാ ഓഫീസിൽ നേരിട്ട് പരാതി അറിയിക്കാം. 2021 ൽ തൊഴിൽ ചെയ്ത കൂലി നൽകാത്തതുമായി ബന്ധപ്പെട്ട് 14 പരാതികൾ ജില്ലാ ലേബർ ഓഫീസർക്ക് ലഭിച്ചിട്ടുണ്ട്.
ഒറ്റമുറിയിൽ നിരവധി പേർ
ലേബർ ക്യാമ്പുകളിൽ കൂട്ടമായി താമസിക്കുന്ന ഇവർ വൃത്തിഹീനമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്. ഇടുങ്ങിയ ഒറ്റമുറിയിൽ തന്നെ നിരവധി പേർ ഒരുമിച്ച് താമസിക്കുന്നുണ്ട്.