മല്ലപ്പള്ളി : താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങളിലെ രൂക്ഷമായ യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടാങ്ങൽ , ചുങ്കപ്പാറ പ്രദേശങ്ങളിൽ നിന്ന് മണിമല, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി പ്രദേശങ്ങളിലേക്കാണ് ബസ് ഇല്ലാത്തത്. ചുങ്കപ്പാറ - പൊന്തൻപുഴ റൂട്ടിലും, ചുങ്കപ്പാറ - കോട്ടാങ്ങൽ - മണിമല റൂട്ടിലുമാണ് ബസ് സർവീസ് കുറഞ്ഞിരിക്കുന്നത്. വിദ്യാർത്ഥികളും ദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. നിരവധി കെ .എസ് .ആർ.ടിസി ബസുകളും സ്വകാര്യ ബസുകളും സർവീസ് നടത്തിയിരുന്ന പൊന്തൻ പുഴ - ചുങ്കപ്പാറ റൂട്ടിൽ ഇപ്പോൾ അഞ്ച് സ്വകാര്യ ബസുകൾ ചില ദിവസങ്ങളിൽ മാത്രമാണ് സർവീസ് നടത്തുന്നത്. അതും മണിക്കൂറുകളുടെ വ്യത്യാസത്തിൽ.. വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും സർവീസ് നടത്താറുമില്ല. ഏഴ് ബസുകൾ നിരവധി ട്രിപ്പുകൾ നടത്തിയിരുന്ന ചുങ്കപ്പാറ - കോട്ടാങ്ങൽ - മണിമല റൂട്ടിൽ ഇപ്പോൾ ഒരു ബസു പോലും സർവീസ് നടത്തുന്നില്ല. കെ .എസ്. ആർ.ടി.സി മല്ലപ്പള്ളി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്ന ബസുകൾ ചുങ്കപ്പാറയിൽ സർവീസ് അവസാനിപ്പിക്കുകയാണ്. രാവിലത്തെയും വൈകുന്നേരങ്ങളിലെയും സർവീസുകൾ മണിമലയ്ക്കും പൊന്തൻ പുഴയ്ക്കും നീട്ടുകയാണെങ്കിൽ യാത്രാ ക്ലേശത്തിന് പരിഹാരമാകും.